പിറവം: വേനല്‍ ചൂടിനൊപ്പം തെരഞ്ഞെടുപ്പിന്റെ ചൂടും പകരാന്‍ മുന്നണി നേതാക്കള്‍ പിറവത്ത് എത്തുന്നു. 27ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദനും പിറവം മണ്ഡലത്തിലെ കൂത്താട്ടുകുളത്ത് പ്രസംഗിക്കും. വൈകുന്നേരം നാലിന് യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി പ്രസംഗിക്കും. സഹകരണ ആശുപത്രിക്ക് സമീപമുള്ള ഗ്രൗണ്ടില്‍ രാവിലെ 11ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ജെ. ജേക്കബിന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ വി.എസ്. അച്ചുതാനന്ദനും പ്രസംഗിക്കും.
അനൂപ് ജേക്കബും, എം.ജെ. ജേക്കബും ഇന്നാണ് പത്രിക നല്‍കുന്നത്. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ എം.ജെ. ജേക്കബ് രാവിലെ 11ന് ശേഷവും, അനൂപ് ജേക്കബ് ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് പത്രിക സമര്‍പ്പിക്കുന്നത്. ഇരു സ്ഥാനാര്‍ഥികളും ഒരു വട്ടം പ്രചാരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എം.ജെ. ജേക്കബിന്റെ മണ്ഡലംതല പര്യടനം 29-നാണ് ആരംഭിക്കുന്നത്. അനൂപ് ജേക്കബിന്റെ തീരുമാനമായില്ലെങ്കിലും മെയ് നാലിന് തുടങ്ങാനാണ് സാധ്യത. തെരഞ്ഞെടുപ്പ് ചിഹ്നം ലഭിക്കാത്തതിനാലാണ് പര്യടന തിയതി പ്രഖ്യാപിക്കാന്‍ വൈകുന്നത്.
മന്ത്രി അനൂപ് ജേക്കബ് ഇന്നലെ പിറവം നഗരസഭയിലെ പോഴിമല കോളനി, പാഴൂര്‍ മേഖല എന്നിവിടങ്ങളില്‍ പ്രചാരണത്തിനെ എത്തിയിരുന്നു. ഇതിന് ശേഷം ഇന്നലെ വൈകുന്നേരം നടന്ന യുഡിഎഫിന്റെ അവലോകന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ സാബു കെ. ജേക്കബ്, ഏലിയാസ് മങ്കിടി, സുനില്‍ ഇടപ്പലക്കാട്ട്, കെ.ആര്‍. പ്രദീപ്കുമാര്‍, തോമസ് മല്ലിപ്പുറം, തോമസ് തേക്കുംമൂട്ടില്‍, ജില്‍സ് പെരിയപ്പുറം, ഐഷ മാധവന്‍, മെബിന്‍ ബേബി, അരുണ്‍ കല്ലറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു. എം.ജെ. ജേക്കബ് ഇന്നലെ മുളന്തുരുത്തി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. എല്‍ഡിഎഫ് നേതാക്കളായ സി.കെ. റെജി, കെ.എ. ജോഷി, പി.കെ. സുരേന്ദ്രന്‍, ടി.സി. ഷിബു, ഷേര്‍ളി വര്‍ഗീസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
എന്‍ഡിഎ സ്ഥാനാര്‍ഥി സി.പി. സത്യന്റെ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുതല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. ഇന്നു മുതല്‍ വൈകുന്നേരങ്ങളില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പിറവത്ത് നടന്ന കണ്‍വന്‍ഷന്‍ ബിജെപി ജില്ലാ സെക്രട്ടറി എം.എന്‍. മധു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്. സത്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ബി. ജയപ്രകാശ്, കെ.പി. രമേശ്, എം.എ. വാസു, പി.ജി. ഗോപിനാഥ്, ഉണ്ണി വല്ലയില്‍, കെ.ജി. പുരുഷോത്തമന്‍, എ.കെ. ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.