പിറവത്തെ പ്രാമഠം കുളം ശുചീകരിച്ചു

ekm-kulamപിറവം: പായല്‍മൂടി ഉപയോഗയോഗ്യമല്ലാതെ കിടന്ന പ്രാമഠം കുളത്തില്‍ ഇനി തെളിനീരിന്റെ സമൃദ്ധി. പിറവം നഗരസഭയിലെ പത്താം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന കുളം നാട്ടുകാരുടെ നേതൃത്വത്തിലാണ് ശുചീകരിച്ചത്. പായലും, ചെളിയും നിറഞ്ഞ് തീര്‍ത്തും ഉപയോഗശൂന്യമായ കുളം 30-ഓളം പേരടങ്ങുന്ന നാട്ടുകാരുടെ നേതൃത്വത്തിലാണ് ശുചീകരിച്ചത്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കുളം ശുചീകരണ പദ്ധതിയില്‍ ഈ കുളം ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് വാര്‍ഡംഗം സിജി സുകുമാരന്‍ മുന്‍കൈയ്യെടുത്ത് കുളം ശുചീകരിച്ചത്.ചാലപ്പുറം കോളനിയിലെ 36 കുടുംബങ്ങളും, മറ്റുനാട്ടുകാരും കുളിക്കുവാനും മറ്റുമായി ഉപയോഗിച്ചുവന്നിരുന്ന കുളമാണിത്.

വേനല്‍ക്കാലമായപ്പോള്‍ പായലും ചെളിയും മൂടിയതോടെ നാട്ടുകാരിത് ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരുന്നു. ഇതിലെ വെള്ളം വേനല്‍ക്കാലത്തും വറ്റില്ലെന്നുള്ള പ്രത്യേകതയുമുണ്ട്. പുഞ്ചയിലെ നടുത്തോടിലൂടെ ലിഫ്റ്റ് ഇറിഗേഷന്‍ കനാലിലെ വെള്ളത്തിന്റെ അവസാനം ഇവിടെയാണ്. കുളത്തില്‍ വെള്ളമുള്ളതിനാല്‍ സമീപ പ്രദേശത്തെ വീടുകളിലെ കിണറുകളിലും ഉറവ വറ്റാറില്ല. കുളം വീണ്ടും നാശത്തിലേക്ക് പോകാതിരിക്കാന്‍ തുടര്‍ ശുചീകരണ പദ്ധതി നടത്തുമെന്നും കൗണ്‍സിലര്‍ സിജി സുകുമാരന്‍ പറഞ്ഞു.

Related posts