തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യവ്യവസ്ഥപ്രകാരം കണ്ണൂര്‍ ജില്ലയ്ക്കു പുറത്തു കഴിഞ്ഞിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് നാളെ ജില്ലയിലെത്തും. മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ജയരാജനു കഴിഞ്ഞ മാര്‍ച്ച് 23 നാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടുമാസമോ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെയോ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണു ജാമ്യം അനുവദിച്ചത്. തുടര്‍ന്നു സഹോദരി പി. സതീദേവിയുടെ വടകരയിലെ വീട്ടിലായിരുന്നു ജയരാജന്റെ താമസം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ഒഴികെ മിക്ക ജില്ലകളിലും എല്‍ഡിഎഫിന്റെ പ്രചാരണത്തിനു പോയിരുന്നു. നാളെ വൈകുന്നേരം മൂന്നിനു മാഹി പാലത്തിനു സമീപംവച്ചു പി. ജയരാജനെ സ്വീകരിച്ചു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കണ്ണൂരിലേക്ക് ആനയിക്കും. തുടര്‍ന്നു കണ്ണൂര്‍ നഗരത്തില്‍ നടക്കുന്ന സ്വീകരണ യോഗത്തില്‍ പി. ജയരാജന് പ്രസംഗിക്കും.
പി. ജയരാജന് കണ്ണൂരില്‍ നാളെ തിരികെയെത്തും
