തലശേരി: കതിരൂര്‍ മനോജ് വധക്കേസിലെ ഇരുപത്തിയഞ്ചാം പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന്‍ ജാമ്യ വ്യവസ്ഥയില്‍ രണ്ടു ദിവസത്തെ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ജില്ലാ സെഷന്‍സ് കോടതി മേയ് അഞ്ചിലേക്ക് മാറ്റി. ഈ കേസിലെ മറ്റ് മൂന്നുപ്രതികള്‍ക്ക് തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തുന്നതിനായി മേയ് 16ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കി. മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ കസ്റ്റഡിയിലെടുത്ത പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ വാഹനം വിട്ടുകിട്ടുന്നതിനായി ബന്ധപ്പെട്ടവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മേയ് 21 ലേക്ക് മാറ്റി.
മേയ് 17 ന് പരിയാരം മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗ വിദഗ്ദന്‍ ഡോ.അഷറഫിനെ കണ്ട് ആരോഗ്യ സ്ഥിതി പരിശോധിപ്പിക്കുന്നതിനും 18 ന് സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജയരാജന്റെ ബന്ധുവുമായ കാരായി രാജന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും അനുമതി തേടിയാണു ജയരാജന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഈ ഹര്‍ജി മൂന്നാംതവണയാണ് കോടതി മാറ്റുന്നത്. മനോജ് വധക്കേസില്‍ ജാമ്യവ്യവസ്ഥ പ്രകാരം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയെ തുടര്‍ന്ന് സഹോദരിയും മുന്‍ എം.പി യുമായ പി.സതിദേവിയുടെ വടകരയിലെ വീട്ടിലാണ് ജയരാജന്‍ ഇപ്പോള്‍ കഴിഞ്ഞു വരുന്നത്.
ഈ കേസിലെ 3,11,12 പ്രതികളായ പ്രകാശന്‍, കൃഷ്ണന്‍, രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് 16ന് വോട്ടുചെയ്യാനായി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കിയത്. ജാമ്യ വ്യവസ്ഥ പ്രകാരം ഈ മൂന്നു പ്രതികളും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നു നിബന്ധനയുണ്ട്. ഇതേത്തുടര്‍ന്നു പ്രകാശന്‍ പോണ്ടിച്ചേരി സംസ്ഥാനത്ത് പെട്ട പന്തക്കലിലും കൃഷ്ണന്‍ കോഴിക്കോടും രാമചന്ദ്രന്‍ എറണാകുളത്തുമാണു താമസിച്ചു വരുന്നത്.