പി. രാജീവ് തൃപ്പൂണിത്തുറയില്‍ സിപിഎം സാധ്യതാ പട്ടികയില്‍

ekm-prajeevകൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് തന്നെയാവും തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്ന് ജില്ലയില്‍ സിപിഎം മത്സരിക്കുന്ന സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടിക തയാറാക്കിയതില്‍ തൃപ്പൂണിത്തുറയില്‍ പി. രാജീവിന്റെ പേരു മാത്രമാണ് ഇടം പിടിച്ചിരിക്കുന്നത്. രാജീവ് ഇവിടെ സ്ഥാനാര്‍ഥിയാകുമെന്ന് ആദ്യം സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും പിന്നീട് അത് നിഷേധിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ പുറത്തുവന്നിരുന്നു.

മന്ത്രി കെ. ബാബുവിന്റെ സ്വന്തം തട്ടകമായ തൃപ്പൂണിത്തുറയില്‍ രാജീവിനെ പോലെ സ്വീകാര്യതയുള്ള നേതാവിനെ മത്സരരംഗത്ത് ഇറക്കുന്നതു ഗുണം ചെയ്യുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. തന്നെയുമല്ല, പാര്‍ട്ടിയില്‍ ശക്തമായ വിഭാഗീയത നിലനില്‍ക്കുന്ന ഉദയംപേരൂര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പാര്‍ട്ടി നേരിടുന്ന പ്രശ്‌നങ്ങളെ മയപ്പെടുത്തി തെരഞ്ഞെടുപ്പിന് എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടുവരാന്‍ രാജീവിന്റെ സ്ഥാനാര്‍ഥിത്വം സഹായകമാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

എല്ലുരോഗ വിദഗ്ധന്‍ ഡോ. ജെ. ജേക്കബ്, കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ വൈസ് പ്രസിഡന്റും കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ ഷാജി ജോര്‍ജ്, സിപിഎം നേതാവ് കെ.ജെ. മാക്‌സി എന്നിവരാണ് കൊച്ചി നിയമസഭാ മണ്ഡലത്തിലെ സിപിഎം സാധ്യത പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. വൈപ്പിനില്‍ സിറ്റിംഗ് എംഎല്‍എ എസ്. ശര്‍മയുടെ പേരാണുള്ളത്. പെരുമ്പാവൂരില്‍ സാജു പോള്‍, എന്‍.സി. മോഹനന്‍ എന്നിവരുടെ പേരുകളും കളമശേരിയില്‍ വി.എ. സക്കീര്‍ ഹുസൈന്‍, കെ. ചന്ദ്രന്‍ പിള്ള, എ.എം. യൂസുഫ് എന്നിവരുടെ പേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തൃക്കാക്കരയില്‍ ഡോ. സെബാസ്റ്റന്‍ പോള്‍, കെ.എം. ഉണ്ണികൃഷ്ണന്‍, സി.എം. ദിനേശ് മണി, പിറവത്ത് മുന്‍ എംഎല്‍എ എം.ജെ. ജേക്കബ്, കുന്നത്തുനാട്ടില്‍ അഡ്വ. ഷിജി ശിവജി, വേലായുധന്‍ തുടങ്ങിയവരുടെ പേരുകളും ഉള്‍പ്പെടുന്നു. ആലുവയില്‍ ഏരിയ സെക്രട്ടറി വി. സലിം, എംഇഎസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍ എന്നിവരുടെ പേരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

എറണാകുളത്ത് കൊച്ചി കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ അഡ്വ. എം. അനില്‍ കുമാര്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി എന്നിവരുടെ പേരുകളും ഉള്‍പ്പെടുന്നതായാണ് പുറത്തുവരുന്ന വിവരം. കൂനമ്മാവ് സ്വദേശിയായ യേശുദാസ് പറപ്പിള്ളി ക്രിസ്റ്റ്യന്‍ ലൈഫ് കമ്യൂണിറ്റി (സിഎല്‍സി) മുന്‍ സംസ്ഥാന പ്രസിഡന്റും വരാപ്പുഴ അതിരൂപതാ മുന്‍ പ്രസിഡന്റുമാണ്. ഇടതു സ്വതന്ത്രനായി ജില്ലാ പഞ്ചായത്ത് കടുങ്ങല്ലൂര്‍ ഡിവിഷനില്‍ നിന്നാണ് പറപ്പിള്ളി ആദ്യം മത്സരിച്ചു ജയിച്ചത്.

ജില്ല സെക്രട്ടേറിയറ്റ് തയാറാക്കിയ സാധ്യതാ പട്ടിക ജില്ല കമ്മിറ്റിക്കു മുന്‍പാകെ വരും. തുടര്‍ന്ന് പട്ടിക  11 മുതല്‍ 13 വരെ ചേരുന്ന സംസ്ഥാന സമതിയുടെ പരിഗണനയ്ക്കു വരും. അവിടെ വച്ച് സാധ്യതാ പട്ടികയില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. അതിനുശേഷം ജില്ലാ നേതൃയോഗങ്ങള്‍ വിളിച്ച് തീരുമാനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യും.

Related posts