പുതിയ സംവിധാനങ്ങള്‍ പരിചയപ്പെടുത്താന്‍ വോട്ടുവണ്ടി യാത്ര തുടങ്ങി

tvm-vote-vandiതിരുവനന്തപുരം: പൊതുജനങ്ങളില്‍ തെരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കാനും  വിവിപാറ്റ് മെഷീന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്നതിനുമായി ജില്ലയില്‍ വോട്ടുവണ്ടി പര്യടനം ആരംഭിച്ചു. ജില്ലയില്‍ നൂറുശതമാനം വോട്ടര്‍മാരെയും തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കാനും പുതിയ സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമാണ് വോട്ടുവണ്ടി പര്യടനമാരംഭിച്ചതെന്ന് ഫഌഗ് ഓഫ് ചെയ്ത ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ  കളക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു.

വോട്ട് ചെയ്തത് ആര്‍ക്കാണ് എന്ന് വോട്ടര്‍ക്ക് ഉറപ്പാക്കാനുള്ള സംവിധാനമാണ് വിവിപാറ്റ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം സമീപത്തു തന്നെ സ്ഥാപിച്ചിട്ടുള്ള വിവി പാറ്റ് മെഷീനിലും വോട്ടുചെയ്ത സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും ക്രമ നമ്പരും അടങ്ങുന്ന സ്ലിപ്പ് തെളിയുന്ന സംവിധാനമാണിത്. ഏഴു സെക്കന്റു നേരം വോട്ടര്‍ക്ക് താന്‍ വോട്ടുചെയ്ത സ്ലിപ്പ് കാണാം. ഏഴു സെക്കന്റിനു ശേഷം സ്ലിപ്പ് താനേ മുറിഞ്ഞ് താഴെയുള്ള സീല്‍ ചെയ്ത പെട്ടിയില്‍ നിക്ഷേപിക്കപ്പെടും. നിര്‍ണായക സാഹചര്യങ്ങളില്‍ ഈ വോട്ടിംഗ് സ്ലിപ്പ് പരിശോധനയ്‌ക്കോ എണ്ണുന്നതിനോ ഉപയോഗിക്കാം. വോട്ടിംഗ് സംബന്ധമായ തര്‍ക്കങ്ങളുണ്ടായാല്‍ പരിശോധിക്കുന്നതിന് അഞ്ചു വര്‍ഷത്തോളം ഈ സ്ലിപ്പുകള്‍ സൂക്ഷിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

വോട്ടു ചെയ്തയാള്‍ക്കല്ല വിവിപാറ്റില്‍ തെളിഞ്ഞ വോട്ട് എന്ന് ആര്‍ക്കെങ്കിലും പരാതിയുയര്‍ന്നാല്‍ ഡിക്ലറേഷന്‍ സമര്‍പ്പിച്ച് വസ്തുത പരിശോധിക്കാവുന്നതാണ്. പരിശോധനയില്‍ വോട്ടറുടെ പരാതി തെറ്റാണെന്നു തെളിഞ്ഞാല്‍ പിഴയോ തടവോ ശിക്ഷയായി ലഭിക്കും. ശരിയായാല്‍ തെരഞ്ഞെടുപ്പു നടപടി നിര്‍ത്തിവച്ച് മെഷീന്റെ തകരാര്‍ പരിഹരിച്ചശേഷമേ തെരഞ്ഞെടുപ്പ് തുടരുകയുള്ളൂ.

സംസ്ഥാനത്ത് 12 ജില്ലകളിലാണ് വിവി പാറ്റ് മെഷീന്‍ ഈ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ നേമം, വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലങ്ങളിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 1350 ല്‍ അധികരിക്കാത്ത ബൂത്തുകളില്‍ വിവിപാറ്റ് മെഷീന്‍ ഉപയോഗപ്പെടുത്തും. വിവിപാറ്റ് മെഷീനുള്ള ബൂത്തുകളില്‍ മറ്റു ബൂത്തുകളിലേതിനേക്കാള്‍ ഒരു ഉദ്യോഗസ്ഥനെ അ ധികമായി നിയമിക്കും. വോട്ടുവണ്ടിയിലെ മോക് പോളിംഗ്  കളക്ടറോടൊപ്പം മുതിര്‍ന്ന വോട്ടര്‍മാരായ കെ.വി.ജോസഫ്്, തങ്കമണി ജോസഫ്, കന്നി വോട്ടര്‍മാരായ രാഹുല്‍, രോഹിത് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

മോക് പോളിംഗില്‍ പങ്കെടുത്തവര്‍ക്ക് കളക്ടര്‍ മധുരം വിതരണം ചെയ്തു. ഇന്നലെ  നേമം നിയജക മണ്ഡലത്തിലെ തിരുവല്ലം, കരുമം, നേമം എന്നിവിടങ്ങളില്‍ വോട്ടുവണ്ടി പര്യടനം നടത്തി. ഇന്ന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്‍, ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് വോട്ടുവണ്ടിയുടെ പര്യടനം.

Related posts