പത്തനംതിട്ട: പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ പുനര്‍നിര്‍മാണ പ്രക്രിയ പൂര്‍ത്തിയാകാനുള്ള പുനലൂര്‍ – പൊന്‍കുന്നം ഭാഗത്തേക്ക് ബിഒടി മാതൃകയില്‍ പുതിയ സംരംഭത്തിന് കരാര്‍ ക്ഷണിച്ചു. ലോകബാങ്കില്‍ നിന്നുള്ള ധനസഹായത്തോടെ കെഎസ്ടിപി രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മാണം നടത്താന്‍ നിശ്ചയിച്ചിരുന്ന റോഡാണിത്. എന്നാല്‍ ഫണ്ടിന്റെ ലഭ്യതക്കുറവില്‍ പുനലൂര്‍ മുതല്‍ പൊന്‍കുന്നംവരെയുള്ള 82.136 കിലോമീറ്ററിന്റെ ജോലികള്‍ ആരംഭിക്കാനായിരുന്നില്ല. 2001 ല്‍ തുടക്കമിട്ട പദ്ധതിയാണ് ഇപ്പോഴും എങ്ങും എത്താതെ കിടക്കുന്നത്. എന്നാല്‍ പിഎം റോഡില്‍ മൂവാറ്റുപുഴ – തൊടുപുഴ ഭാഗം പണികള്‍ പൂര്‍ത്തീകരിച്ചു. തൊടുപുഴ – പാല, പാല – പൊന്‍കുന്നം റോഡുകള്‍ നിര്‍മാണത്തിലാണ്.
പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെയുള്ള ഭാഗത്ത് റോഡ് വീതി കൂട്ടുകയും വളവുകള്‍ നിവര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി സ്ഥലം ഏറ്റെടുക്കല്‍ ജോലികള്‍ ആരംഭിച്ചിട്ടു പത്തുവര്‍ഷത്തിലേറെയായി. സ്ഥലമേറ്റെടുക്കല്‍ ജോലികള്‍ 98 ശതമാനവും പൂര്‍ത്തീകരിച്ചതായി കെഎസ്ടിപി അധികൃതര്‍ പറഞ്ഞു. മുഴുവന്‍ സ്ഥലവും ഏറ്റെടുത്ത് ഭൂ ഉടമകള്‍ക്കുള്ള വിലയും നല്കിയെങ്കില്‍ മാത്രമേ നിര്‍മാണം തുടങ്ങാനാകുകയുള്ളൂ. സ്ഥലമേറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പുതിയ പദ്ധതിയുമായി കെഎസ്ടിപി മുന്നോട്ടു പോകുന്നത്
കോന്നി, മൈലപ്ര വില്ലേജുകളിലാണ് ഇനി പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. ഹൈബ്രിഡ് അന്വിറ്റി പ്രകാരം നിര്‍മാണം, സാമ്പത്തിക, പദ്ധതി നടപ്പാക്കല്‍, സംരക്ഷണം ഉള്‍പ്പെടെ 12.5 വര്‍ഷത്തെ കരാറാണ് റോഡു നിര്‍മാണത്തിനു നല്‍കുന്നത്. ഇതില്‍ 2.5 വര്‍ഷം നിര്‍മാണ കാലയളവാണ്.പിന്നീടുള്ള 10 വര്‍ഷവും കരാറുകാരന്റെ പൂര്‍ണ നിയന്ത്രണത്തില്‍ തന്നെയായിരിക്കും റോഡ്. റോഡിന്റെ സംരക്ഷണം, അറ്റകുറ്റപ്പണികള്‍ എന്നിവ നടത്തണം. നിശ്ചിത കരാര്‍ തുക 10 വര്‍ഷം കൊണ്ടു മാത്രമേ തിരികെ ലഭിക്കുകയുള്ളൂ.
നിര്‍മാണകാലയളവായ 2.5 വര്‍ഷത്തിനിടെ 40 ശതമാനം തുക ലഭിക്കും. 74.77 കോടിയാണ് റോഡിന്റെ എസ്റ്റിമേറ്റെടുത്തിരിക്കുന്നത്. ഉയര്‍ന്ന സാങ്കേതിക മികവുള്ള കരാറുകാര്‍ക്കു മാത്രമേ നിര്‍മാണം നല്‍കുകയുള്ളൂ. ദേശീയപാത നിലവാരത്തിലുള്ള സാങ്കേതിക മികവില്‍ റോഡ് പുനര്‍നിര്‍മിക്കാനാണ് പദ്ധതി. പദ്ധതിക്ക് കരാറുകാരില്‍ നിന്ന് പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ടെന്‍ഡര്‍ സമര്‍പ്പിക്കുന്നവരെ പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡറിനു മുമ്പായി ചര്‍ച്ചയ്ക്കു വിളിക്കും.