പുറ്റിംഗല്‍ അപകടം: തഹസീല്‍ദാരുടെയും പരവൂര്‍ എസ്‌ഐയുടെയും മൊഴിയെടുത്തു

vediketuuസ്വന്തം ലേഖകന്‍
പരവൂര്‍: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കൊല്ലം തഹസീല്‍ദാര്‍ എസ്.എല്‍.സജികുമാര്‍, പരവൂര്‍ എസ്‌ഐ ജസ്റ്റിന്‍ ജോണ്‍ എന്നിവരുടെ മൊഴി എടുത്തു.ഇന്നലെ പരവൂരിലെ ക്രൈംബ്രാഞ്ച് ക്യാമ്പ് ഓഫീസിലായിരുന്നു മൊഴിയെടുപ്പ്. ഇതുകൂടാതെ ക്ഷേത്രകമ്മിറ്റി ഭാരവാഹികളുമായി അടുത്തബന്ധം പുലര്‍ത്തുന്ന രണ്ടു പേരുടെ മൊഴിയും രേഖപ്പെടുത്തി. ഇവരെ ഏതാനും ദിവസം മുമ്പും വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.ഇന്നലെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായ ക്ഷേത്രകമ്മിറ്റി ഭാരവാഹി സുധീര്‍ ചെല്ലപ്പന്‍, കമ്പദിവസം അനൗണ്‍സ്‌മെന്റ് നടത്തിയ ടി.എസ്.ലൗലി എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.ഇതിനിടെ ക്ഷേത്ര മാനേജിംഗ് കമ്മിറ്റി ഭാരവാഹികളുടെ ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷണ സംഘം മരവിപ്പിച്ചു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.

തങ്ങളുടെ അനുമതിയില്ലാതെ ക്ഷേത്രത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തരുതെന്നും അന്വേഷണ സംഘം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.ക്ഷേത്ര ഭരണ സമിതി അംഗങ്ങളില്‍ ഇനി മൂന്നുപേരെ കൂടിയാണ് പിടികിട്ടാനുള്ളത്. ഇതില്‍ ഒരാള്‍ രാജ്യം വിട്ടതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. യൂറോപ്യന്‍ രാജ്യത്തേക്ക് കടന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ബാക്കിയുള്ള രണ്ടുപേരില്‍ ഒരാള്‍ വനിതയാണ്. ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.എസ്.ജയലാല്‍, സെക്രട്ടറി കൃഷ്ണന്‍കുട്ടിപിള്ള അടക്കം ഏഴുപേരുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കരാറുകാരന്‍ വര്‍ക്കല കൃഷ്ണന്‍കുട്ടിയുടെ മകള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും.

അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍, എഡിഎം ഷാനവാസ്, സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ് എന്നിവരുടെ മൊഴി എപ്പോള്‍ എടുക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് പോലീസ് പിടിച്ചെടുത്ത തൊണ്ടിമുതലുകള്‍ പരവൂര്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സൂക്ഷിച്ചിരിക്കയാണ്. ഇത് വേര്‍തിരിച്ച് കണക്കെടുക്കുന്ന നടപടികളും ആരംഭിച്ചു. വെടിമരുന്നിന്റെ സാമ്പിള്‍ ഉള്‍പ്പെടെയുള്ളവ തൊണ്ടിമുതലില്‍ ഉള്‍പ്പെടും.

പുറ്റിംഗല്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവര്‍ അന്വേഷണത്തിന് സഹായകരമായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനായി അന്വേഷണ സംഘത്തിലെ ഒരു ഡിവൈഎസ്പിയെയും എസ്‌ഐയെയും നിയോഗിച്ചിട്ടുണ്ട്. വിവരങ്ങള്‍ കൈമാറാന്‍ ആഗ്രഹിക്കുന്നവര്‍ 94979 90186, 94979 87255 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

Related posts