കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് അപകടം മനുഷ്യന്‍ വരുത്തിവച്ചതാണെന്ന് യുഎന്‍ഡിപി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദഗ്ധന്‍ ജി.പദ്മനാഭന്‍.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാര്‍ഷിക സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.വെടിക്കെട്ടും മത്സരക്കമ്പവും ഒക്കെ നടത്തുമ്പോള്‍ അത്യാവശ്യം വേണ്ട മുന്‍കരുതലുകള്‍ ബന്ധപ്പെട്ടവര്‍ എല്ലാവരും എടുക്കേണ്ടതായിരുന്നു.അതുണ്ടാകാഞ്ഞതാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണമായത്. എല്ലാവരും കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ അത്യാഹിതത്തിന്റെ തോത് കുറയ്ക്കാനാകുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പേമാരിയും ഭൂകമ്പവുമൊക്ക പ്രകൃതി നല്‍കുന്ന ദുരന്തങ്ങളാണ്. ഇവയെ നിയന്ത്രിക്കുന്നതിനും ദുരന്ത നിവാരണ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രയോഗിക്കാന്‍ കഴിയും എന്നാണ് അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഒറീസയില്‍ അടുത്തിടെ നടന്ന കൊടുങ്കാറ്റില്‍ 23 പേരാണ് മരിച്ചത്. അതിന് മുമ്പ് പേമാരിയിലും കൊടുങ്കാറ്റിലും പതിനായിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദുരന്തനിവാരണ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയതിന്റെ ഗുണമാണിത്.നാസിക്കില്‍ കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 25 പേര്‍ മരിച്ച സംഭവവും സമീപകാലത്ത് ഉണ്ടായി. തീര്‍ത്തും സങ്കടകരമായ അവസ്ഥയാണിത്. കൃത്യമായ മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും അദ്ദേ ഹം വ്യക്തമാക്കി.