എസ്.ആര്.സുധീര്‍കുമാര്‍
പരവൂര്‍: പുറ്റിംഗല്‍ ദുന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും നല്‍കാനായി ലുലു ഗ്രൂപ്പ് നല്കിയ രണ്ടുകോടി രൂപ ജില്ലാ ഭരണകൂടം ആരോരുമറിയാതെ വക മാറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുന്നതിനാണ് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലിയുടെ പ്രതിനിധികള്‍ കൊല്ലത്തെത്തി രണ്ടു കോടി രൂപയുടെ ചെക്ക് അന്ന് ജില്ലാ കളക്ടറായിരുന്ന എ.ഷൈനാമോള്‍ക്ക് കൈമാറിയത്. അര്‍ഹരായവര്‍ക്കെല്ലാം അടിയന്തിരമായി പണം ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്നതിനായാണ് ചെക്ക് കളക്ടറെ ഏല്‍പ്പിച്ചത്. കൂടുതല്‍ തുക ആവശ്യമുണ്ടെങ്കില്‍ അതുകൂടി നല്‍കുമെന്നും ലുലു ഗ്രൂപ്പ് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ നാളിതുവരെ ആയിട്ടും പ്രസ്തുത തുക ലഭിക്കാതായപ്പോള്‍ മരിച്ചവരുടെ ബന്ധുക്കളടക്കമുള്ളവര്‍ ഇപ്പോഴത്തെ കളക്ടര്‍ ടി.മിത്രയെ സമീപിക്കുകയായിരുന്നു.തുടര്‍ന്ന് ജില്ലാ കളക്ടര്‍ നടത്തിയ പരിശോധനയിലാണ് രണ്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയതായി ബോധ്യപ്പെട്ടത്. ദുരന്തബാധിതരോട് കാട്ടിയ ഈ കൊടുംക്രൂരതയില്‍ ബന്ധുക്കള്‍ അടക്കം പ്രതിഷേധിച്ചെങ്കിലും കളക്ടര്‍ നിസഹായയായിരുന്നു. പ്രക്ഷോഭവുമായി നിരവധി സംഘടനകളും രംഗത്ത് വന്നുകഴിഞ്ഞു.
തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറാന്‍ നിര്‍ദേശം നല്‍കിയതെന്ന് വ്യക്തമല്ല. പണം ദുരന്തബാധിതരുടെ ആശ്രിതര്‍ക്കും ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും നല്‍കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണ്ടി ഇപ്പോഴത്തെ കളക്ടര്‍ ധനകാര്യവകുപ്പിന് കത്തെഴുതി.ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തുലക്ഷം രൂപ എല്ലാവര്ക്കും വിതരണം ചെയ്ത് കഴിഞ്ഞതായും അതുകൊണ്ട് ദുരിതാശ്വാസ നിധിയില്‍ നിന്ന് കൂടുതല്‍ തുക ഇവര്‍ക്ക് നല്കാന് സാധിക്കില്ലെന്നായിരുന്നു മറുപടി.കണ്ണില്‍ചോരയില്ലാത്ത ഈ മറുപടിയിലും ദുരന്തബാധിതരുടെ ബന്ധുക്കള്‍ അമര്‍ഷത്തിലാണ്.
ഔദ്യോഗിക രേഖകള്‍ പരിശോധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും കൃത്യമായി നേരിട്ട് ലഭ്യമാകണം എന്ന ലക്ഷ്യത്തോടെയാണ് ലുലു ഗ്രൂപ്പ് പണം ജില്ലാ കളക്ടറെ ഏല്‍പ്പിച്ചത്. ഇത് പൊതുനിധിയിലേയ്ക്ക് മാറ്റാനുള്ളതല്ല.ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരെക്കാളും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് അംഗഭംഗം അടക്കം സംഭവിച്ച് ഗുരുതരമായി പരിക്കേറ്റവരാണ്. ഇവരില്‍ പലര്‍ക്ക് തുടര്‍ചികിത്സക്കായി പ്രതിമാസം വന്‍തുകയാണ് ചിലവാകുന്നത്. ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ച ധനസഹായം ലഭിച്ചെങ്കില്‍ ഇവര്‍ക്ക് നേരിയ ആശ്വാസം ആയേനെ.
അതേസമയം മാതാ അമൃതാനന്ദമയീ മഠം, ആര്‍ട് ഒഫ് ലിവിംഗ്, സൗദി അറേബ്യയിലെ അല്‍ഷിഫ അല്‍ജസീറ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങള്‍ സഹായധനം ദുരന്തബാധിതര്‍ക്ക് നേരിട്ടാണ് വിതരണം ചെയ്തത്. അവ കൃത്യമായും അര്‍ഹരുടെ കൈകളില്‍ എത്തുകയും ചെയ്തു.മരിച്ചവരുടെ ആശ്രിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപയുടെ ധനസഹായവും ഇതുവരെ വിതരണം ചെയ്തിട്ടില്ല. ദുരന്തസ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് സഹായധനം പ്രഖ്യാപിച്ചത്.