തിരുവല്ല: ലോക രക്തദാനദിനാചരണത്തിന്റെ ഭാഗമായി തിരുവല്ല പുഷപ്ഗിരി മെഡിക്കല്‍ കോളജ് 10,000 പേരുടെ രക്തദാനസേന രൂപികരിക്കും. അപകടങ്ങളില്‍പ്പെടുന്നവര്‍ക്കും, വിവിധ രോഗങ്ങളില്പ്പെട്ടവര്ക്കും അടിയന്തരമായി രക്തം ആവശ്യമായി വരുമ്പോള്‍ സന്നദ്ധസേവകര്‍ രക്തംനല്കുന്നതിലൂടെയാണ് അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിക്കുന്നത്. ചിലഗ്രൂപ്പുകള്‍ ലഭിക്കാതെ വരുന്നതിലൂടെ ജീവന്‍തന്നെ അപകടത്തിലാകുന്നു.
ഈ ഒരവസ്ഥ മുന്നില്‍ കണ്ടുകൊണ്ട് പുഷ്പഗിരി മെഡിക്കല്‍ കോളജ് പുഷ്പഗിരിയിലെ സ്റ്റാഫിനെയും വിദ്യാര്‍ഥികളെയും വിവിധ സന്നദ്ധസംഘടനകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നാളെ മുതല്‍ 30 വരെ രക്തദാനബോധ്കരണ ദിനങ്ങളായി ആചരിക്കും. ഇതിന്റെ ഭാഗമായി പൊതുജനങ്ങളെ രക്തദാനം ചെയ്യേണ്ടതിന്റെ ആവശ്യകത ഉള്‍പ്പെടുത്തി ബോധവത്കരണ ക്ലാസുകള്‍ നടത്തപ്പെടുന്നതാണ്.
തിരുവല്ലയിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍, രാഷ്ട്രീയയുവജനസംഘടനകള്, ഓട്ടോറിക്ഷ ജീവനക്കാര്‍, ചുമട്ടുതൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍, മതയുവജനസംഘടനകള്, ക്ലബുകള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് രക്തദാനസേന രൂപികരിക്കുന്നത്. രക്തദാനസേനയില്‍ അംഗമാകുന്നവര്‍ക്ക് സൗജന്യമായി ഗ്രുപ്പ് നിര്‍ണയം നടത്തി ഐഡി കാര്‍ഡ് നല്‍കും. കുടുതല്‍ വിവരങ്ങള്‍ക്ക് 9072326455, 9605674180.