എടത്വ: കൈകളും കാലുകളും തളര്ത്തീട്ടും തളരാത്ത മനസുമായി ജീവിക്കുന്ന പുസ്തക പ്രേമിയെ തേടി എടത്വ സെന്റ് അലോഷ്യസ് എല്‍പി സ്കൂളിലെ വിദ്യാര്‍ഥികളെത്തി. എടത്വ കോയില്മൂക്ക് ദേശാഭിവര്‍ദ്ധിനി ഗ്രന്ഥശാലയുടെ സെക്രട്ടറിയും ലൈബ്രേറിയനായും പ്രവര്‍ത്തിക്കുന്ന കോയില്മൂക്ക് ഉലക്കപാടില്‍ ഒ.കെ. ചാക്കോ എന്ന പുസ്തക പ്രേമിയെ കാണാനും പരിചയപെടാനും വായനശാലയിലെ പുസ്തകശേഖരത്തിന്റേയും വായനയുടേയും അനന്തസാധ്യതകള്‍ തേടിയുമാണ് വിദ്യാര്‍ഥികള്‍ ഗ്രന്ഥശാലയില്‍ എത്തിയത്.
ശരീരം തളര്ത്തീട്ടും തളരാത്ത മനസ്സുമായി മൂന്നര പതിറ്റാണ്ടായി പുസ്തകങ്ങളെ പ്രേമിക്കുന്ന ഒ.കെ. ചാക്കോ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തന്റെ പുസ്തക സ്നേഹവും പഴയ പോലെ ഇന്ന് വായനക്കാര്‍ പുസ്തകം എടുക്കാന്‍ എത്തുന്നില്ലെന്ന സങ്കടവും പങ്കുവച്ചു. കുട്ടിക്കാലം മുതല്‍ താന്‍ വായനയില്‍ സജീവമായിരുന്നതും 14-ാം വയസ്സില്‍ മറ്റ് കുട്ടികള്‍ക്ക് വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വീട്ടില്‍ കുട്ടികളുടെ ലൈബ്രററി തുടങ്ങിയതും വിദ്യാര്‍ത്ഥികളുമായി അദ്ദേഹം പങ്കുവച്ചു. വിദ്യാര്‍ത്ഥികള്‍കൊപ്പം ഹെഡ്മിസ്ട്രസ് ലിനിമോള്‍ ആന്റണി, മിനു സോബി, സജിത്ത് എസ്., ഷിബു പി.എസ്., റ്റിസി വര്‍ഗീസ് എന്നിവരുമാണ്ടായിരുന്നു.