തളിപ്പറമ്പ്: പൂരമഹോല്‍സവത്തിന് സമാപനം കുറിച്ചുള്ള അശ്വരഥയാത്രക്ക് തളിപ്പറമ്പ് നഗരം ഒരുങ്ങി. ചുവപ്പും പച്ചയും നിറത്തിലുള്ള അശ്വരഥങ്ങളുടെ അവസാന മിനുക്കുപണികളിലാണു പൂക്കോത്ത് കൊട്ടാരം ദേവസ്വം അധികൃതര്‍. നാളെ രാവിലെ എട്ടിന് കാമന്‍പാട്ടോടെ പൂരക്കളി സമാപിച്ച ശേഷമാണ് അശ്വരഥങ്ങളെ കൊട്ടാരത്തില്‍ നിന്നും പുറത്തിറക്കുക. തുടര്‍ന്നു പൂക്കോത്ത് കൊട്ടാരവുമായി ബന്ധപ്പെട്ട തോലന്‍ തറവാട്, ആലിങ്കീല്‍ തറവാട് എന്നിവിടങ്ങളിലെ കുഞ്ഞാര്‍ കുറത്തിയമ്മ ദേവസ്ഥാനങ്ങളില്‍ ഇവ എത്തിക്കും. തറവാട് വീടുകളില്‍ അലങ്കരിച്ചു നിര്‍ത്തുന്ന രഥങ്ങള്‍ ഉച്ചകഴിഞ്ഞു മൂന്നിനു കൊട്ടാരത്തില്‍ നിന്നും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചെത്തുന്ന കോമരം കലശമാടും.
തോലന്‍ തറവാട്ടില്‍ ഭദ്രകാളി സങ്കല്‍പ്പത്തില്‍ ചുവപ്പും, ആലിങ്കീല്‍ തറവാട്ടില്‍ ശിവസങ്കല്‍പ്പത്തില്‍ പച്ചയും നിറത്തില്‍ അലങ്കരിച്ചു നിര്‍ത്തിയ അശ്വരഥങ്ങളെ സമുദായംഗങ്ങള്‍ കൊട്ടാരത്തില്‍ തിരികെ എത്തിക്കും. കൊട്ടാരത്തില്‍ നിന്നും പുറപ്പെടുന്ന തിരുവായുധം എഴുന്നള്ളത്തിന് മുന്നിലായി അശ്വരഥങ്ങളെ നഗരപ്രദക്ഷിണം നടത്തും. പുരാതനമായ പൂക്കോത്ത് ഇല്ലത്തിന്റെ അധീനതയിലായിരുന്ന പൂക്കോത്ത് കൊട്ടാരത്തില്‍ നിന്നും ഭദ്രകാളി-ശിവ സങ്കല്പത്തില്‍ ചുവപ്പ്-പച്ച നിറങ്ങളില്‍ അലങ്കരിച്ച കുതിരകളെ തിരുവായുധം എഴുന്നള്ളത്തിനു മുന്നിലായി നഗരപ്രദക്ഷിണം നടത്തിയാല്‍ നാട്ടിനും നാട്ടുകാര്‍ക്കും ഐശ്വര്യമുണ്ടാകുമെന്ന പരമ്പരാഗത വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് അശ്വരഥ ഘോഷയാത്ര നടത്തിവരുന്നതെന്നു ദേവസ്വം പ്രസിഡന്റ് സി.നാരായണന്‍ പറഞ്ഞു.
ജില്ലയില്‍ അപൂര്‍വമായ ഈ രഥോത്സവം ദര്‍ശിക്കാന്‍ വന്‍ ജനാവലി തന്നെ തളിപ്പറമ്പില്‍ എത്തിച്ചേരുന്നുണ്ട്. കുതിരവലി എന്നറിയപ്പെടുന്ന അശ്വരഥ ഘോഷയാത്ര പൂക്കോത്തുതെരു മുണ്ട്യക്കാവ്, അരിയില്‍കുളങ്ങര വഴി കാനത്ത് ശിവക്ഷേത്രത്തില്‍ എത്തിയതിനു ശേഷം ക്ഷേത്രച്ചിറയില്‍ പൂരംകുളി നടക്കും. വൈകുന്നേരം അഞ്ചിന് മാനേങ്കാവില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം പുറപ്പെടുന്ന രഥോല്‍സവത്തിനു വിക്രാനന്തപുരം ക്ഷേത്രത്തില്‍ വരവേല്പ് നല്‍കും. തുടര്‍ന്നു ദേശീയപാതയിലൂടെ പൂക്കോത്ത് നടവഴി കൊട്ടാരത്തി—ലേക്കു തിരിച്ചെത്തും. രാത്രി ഏഴിന് തായ്പ്പരദേവതയുടെ തിടമ്പ് എഴുന്നള്ളത്തോടെ ഏഴുദിവസം നീണ്ടുനിന്ന പൂരോല്‍സവം സമാപിക്കും.