പൂച്ചാക്കല്‍: നിര്‍മാണം പൂര്‍ത്തിയാകാത്ത റോഡില്‍ പൂര്‍ത്തിയായി എന്ന ബോര്‍ഡ് സ്ഥാപിച്ചു പിഡബഌുഡി. കളത്തില്‍ക്ഷേത്രം വെളളിമുറ്റം റോഡിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന. റോഡിന്റെ നീളം 1.88 കിലോമീറ്റര്‍, അടങ്കല്‍തുക 1.78 കോടി, നിര്‍മാണം ആരംഭം 2014 നവംബര്‍ 11, പൂര്‍ത്തിയാക്കിയത് 2015 നവംബര്‍ 5. എന്നാല്‍ റോഡില്‍ പൂഴി വിരിക്കല്‍ മാത്രമേ ഇക്കാലയളവില്‍ നടന്നിട്ടുളളു.
പൊട്ടിപ്പൊളിഞ്ഞും കാല്‍യാത്രക്കാര്‍ക്കുപോലും യാത്ര ചെയ്യാന്‍ സാധിക്കാത്ത രീതിയിലാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ. അപ്പോഴാണ് നിര്‍മാണം പൂര്‍ത്തിയാകാത്ത റോഡില്‍ മാസങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയായി എന്ന പൊതുമരാമത്ത് വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ബോര്‍ഡ് സാങ്കേതികം മാത്രമാണെന്നും കരാര്‍ ചെയ്ത കാലയളവുപ്രകാരം ചെയ്ത ബോര്‍ഡാണിതെന്നും. നിര്‍മാണ സമയത്ത് ഉണ്ടായ തര്‍ക്കങ്ങള്‍മൂലം നിര്‍മാണം തുടരാന്‍ സാധിച്ചിട്ടില്ലെന്നും അതിനായി സമയം നീട്ടി ചോദിച്ചിട്ടുണ്ടെന്നും കരാറുകാര്‍ പറഞ്ഞു.