വി.ശ്രീകാന്ത്
ആ ചിരി ഒരിക്കലും മറക്കാന്‍ പറ്റില്ല… ആ കരച്ചിലും…. പിന്നെ പൊട്ടി പൊട്ടി ചിരിപ്പിച്ച കുറെ നിമിഷങ്ങളും… അങ്ങനെ കൊഴിഞ്ഞു പോകലുകളുടെ പട്ടികയിലേക്ക് കലാഭവന്‍ മണിയും. പക്ഷേ ആ മണിമുഴക്കം എന്നും മലയാളികളുടെ മനസില്‍ മുഴങ്ങി കൊണ്ടേയിരിക്കും. സല്ലാപത്തില്‍ നാടന്‍പാട്ട് പാടി നായികയെ കളിയാക്കികൊണ്ടാണ് കുറുമ്പനായ മണി പ്രേക്ഷകരുടെ മനസിലേക്ക് ചെക്കേറിയത്.
ആദ്യകാലങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങളാണ് മണിയെ തേടിയെത്തിയതെങ്കില്‍ മൂന്നു നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ ചിരിപ്പിക്കാന്‍ മാത്രമല്ല തനിക്ക് വില്ലന്‍ വേഷവും നായക വേഷവും ഇണങ്ങുമെന്ന് മണി തെളിയിച്ചു. ജയറാം-കലാഭവന്‍ മണി, ദിലീപ്-കലാഭവന്‍മണി കൂട്ടുകെട്ടില്‍ ഇതിനോടകം പിറന്നത് നിരവധി ഹിറ്റുകളായിരുന്നു. 1996 – ല്‍ ദിലീപ് നായകനായി എത്തിയ കല്യാണ സൗഗന്ധികം എന്ന ചിത്രത്തില്‍ ബാലഗോപാലന്‍ എന്ന ചിരിപടര്‍ത്തുന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ ചിരിപ്പിച്ച മണി ദില്ലിവാല രാജകുമാരനില്‍ മണി എന്ന പേരില്‍ തന്നെയെത്തി ജയറാമിനൊപ്പം മുഴുനീള കോമഡിയനായി. ഇതെ ചിത്രത്തില്‍ തന്നെയാണ് തന്റെ ട്രേഡ് മാര്‍ക്കായി മാറിയ ചിരി നമ്പര്‍ പ്രേക്ഷകര്‍ക്ക്് സമ്മാനിക്കുന്നതും. ങ്യാ ഹഹാ… എന്ന മണി ചിരി പിന്നീട് കുട്ടികളുടെ ഇടയിലും മിമിക്രി വേദികളിലും വന്‍ ഹിറ്റായി.
ആറാം തമ്പുരാനിലെ പിരിയിളകിയ നമ്പൂതിരിയുടെ വേഷവും സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ മോനായിയുടെ വേഷവും അച്ചാമകുട്ടിയുടെ അച്ചായനിലെ മുഴുനീളന്‍ ഹാസ്യ വേഷവുമെല്ലാം പ്രേക്ഷകപ്രീതി നേടിയതോടെ ഹാസ്യനടന്മാരുടെ പട്ടികയിലേക്ക് മണിയുടെ പേരും എഴുതി ചേര്‍ക്കപ്പെട്ടു. പക്ഷേ സംവിധായകന്‍ മോഹന്‍ കുപ്ലേരി 1998ല്‍ കാറ്റത്തൊരു പെണ്‍പ്പൂവ് എന്ന സിനിമയിലൂെട മണിക്ക് ഒരു വില്ലന്‍ പരിവേഷം നല്കി.
അതെ വര്‍ഷം തന്നെ മണി മറുമലര്‍ച്ചി എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 1999ല്‍ കലാഭവന്‍ മണിയെ നായകനാക്കി സന്ധ്യ മോഹന്‍ മൈ ഡിയര്‍ കരടിയെന്ന ചിത്രം ഒരുക്കി. കുട്ടികളുടെ ഇടയില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ മണിയുടെ സിനിമ ഗ്രാഫ് ഉയരാന്‍ തുടങ്ങി. വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ രാമു എന്ന നായകവേഷം ഏവരുടെയും കണ്ണുനനയിപ്പിച്ചപ്പോള്‍ മലയാളത്തിലെ മികച്ച നായക—ന്മാരുടെ പേരിനൊപ്പം കലാഭവന്‍ മണിയുടെ പേരു കൂടി ജനം കൂട്ടിവായിച്ചു. ഈ അഭിനയ പ്രകടനത്തിന്റെ മികവില്‍ മികച്ച നടനുള്ള ദേശീയ,സംസ്ഥാന അവാര്‍ഡുകള്‍ മണിയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന നിമിഷം തള്ളി പോകുകയായിരുന്നു. എന്നാല്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മണിയുടെ ഈ പ്രകടനം ജൂറിക്ക് കണ്ടില്ലായെന്ന് നടിക്കാന്‍ സാധിക്കാതെ വന്നതോടെ സ്‌പെഷല്‍ ജൂറി അവാര്‍ഡ് നല്കി മണിയെ ആദരിച്ചു.
നായക വേഷങ്ങള്‍ തന്നെ ചെയ്യുവെന്ന് നിര്‍ബന്ധബുദ്ധിയില്ലാതെ സഹനടനായും വില്ലനായും കോമഡി കഥാപാത്രങ്ങളിലുമെല്ലാമായി മലയാള സിനിമയുടെ നിറസാന്നിധ്യമായി മണി മാറുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. വല്യേട്ടനിലെ കാട്ടിപ്പള്ളി പപ്പനും വക്കാലത്തു നാരായണന്‍കുട്ടിയിലെ വില്ലന്‍ വേഷവും രാക്ഷസരാജാവിലെ ഗുണശേഖരനുമെല്ലാം മണിയിലെ നടന്റെ മാറ്റ് കൂട്ടിയപ്പോള്‍ 2001 ല്‍ വീണ്ടും മണിയെ തേടി നായകവേഷമെത്തി. വിനയന്‍ ചിത്രം കരുമാടിക്കുട്ടനില്‍ മാനസിക വളര്‍ച്ച കുറവുള്ള കുട്ടന്റെ വേഷം വീണ്ടും മണിയെ സാധാരണക്കാരുടെ ഇടയില്‍ താരമാക്കി.
അതിനുശേഷം ഇറങ്ങിയ ആകാശത്തിലെ പറവകളില്‍ ഉടുമ്പുവാസു എന്ന പട്ടി പിടിത്തക്കാരന്റെ വേഷം നിരൂപക പ്രശംസ കൂടി നേടിയതോടെ മണിയ്ക്ക് തമിഴകത്തു നിന്നും വീണ്ടും വിളിയെത്തി. ജമിനിയിലെ തേജായെന്ന വില്ലന്‍ വേഷം മികവുറ്റതാക്കിയതോടെ 2002ല്‍ തമിഴകത്തെ മികച്ച വില്ലനുള്ള അവാര്‍ഡും മണിയെ തേടിയെത്തി.നായകവേഷങ്ങള്‍ തന്നെ തേടിയത്തുമ്പോളും ചിരിയെ വിടാന്‍ കൂട്ടാക്കാതെ ബാംബു ബോയ്‌സിലും കുബേരനിലുമെല്ലാം വന്ന് പ്രേക്ഷകരുടെ മനസില്‍ ചിരിമഴ പെയ്യിച്ചു.
സേതുരാമയ്യര്‍ സീരിയസിലെ മൂന്നാമത്തെ പതിപ്പില്‍ ഈശോ അല്ക്‌സായും കണ്ണിനും കണ്ണാടിയില്‍ പ്രാവായും ബെന്‍ ജോണ്‍സനില്‍ ആക്ഷന്‍ ഹീറോയായും ഛോട്ടാ മുംബൈയില്‍ നടേശനായും ചേകവരില്‍ ഗരുഡന്‍ രാഘവനായും ബാച്ചിലര്‍ പാര്‍ട്ടിയില്‍ അയ്യപ്പനായും ആമേനില്‍ ലൂയി പാപ്പനായും അവതരിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടി. ഒപ്പം നിരവധി പോലീസ് വേഷങ്ങളിലും മണി തിളങ്ങി. നാടന്‍ വേഷങ്ങളോടൊപ്പം മോഡേണ്‍ വേഷങ്ങളും തനിക്ക് വഴങ്ങുമെന്നും നിരവധി ചിത്രങ്ങളിലെ തന്റെ പ്രകടനത്തിലൂടെ മണി തെളിയിച്ചു. വര്‍ഷങ്ങളുടെ കൊഴിഞ്ഞു പോകലുകളുടെ ഇടയില്‍ തമിഴകത്തും തെലുങ്കിലും മണി അഭിഭാജ്യ ഘടമായി മാറി. കമലഹാസനൊപ്പം പാപനാശത്തിലും രജനിക്കൊപ്പം യന്തിരനിലും മണിയെത്തിയത് അഭിനയമികവിന്റെ ചുവടുപിടിച്ചു തന്നെയാണ്.
ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യകാലത്തിന്റെ കൂരിരുട്ടില്‍ നിന്നും ഉയരങ്ങളിലേക്കു മണിയെ കൈപിടിച്ചുയര്‍ത്തിയ വെളിച്ചമായിരുന്നു സിനിമ. കാരിരുമ്പിന്റെ നിറവും കരുത്തുമുള്ള പ്രതിനായക വേഷങ്ങളില്‍ തകര്‍ത്താടിയപ്പോഴും മലയാള സിനിമലോകത്ത് ചിരിയുടെ വെട്ടം പൊഴിച്ച മണി ഒരു മിന്നാമിനുങ്ങായിരുന്നു. ഇരുട്ടില്‍ വഴിതേടിയും വഴികാട്ടിയും അത് മരണത്തിന്റെ ഇരുണ്ട താഴ്‌വരികളിലേക്കു പറന്നകലുമ്പോള്‍ നാടന്‍ താളത്തില്‍ മണി പാടിയ പാട്ടിന്റെ വരികള്‍ മലയാളക്കരയില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും…” മിന്നാമിനുങ്ങേ മിന്നുംമിനുങ്ങേ എങ്ങോട്ടാണെങ്ങോട്ടാണ് ഈ തിടുക്കം, നീ തനിച്ചല്ലേ, പേടിയാവില്ലേ, കൂട്ടിനു ഞാനും വന്നോട്ടേ….