പെരുവയിലെ വനംവകുപ്പ് ഡിപ്പോയില്‍ മരങ്ങള്‍ ചിതലരിച്ചു നശിക്കുന്നു

knr-thithalപേരാവൂര്‍: കോളയാട് ചങ്ങലഗേറ്റ് പെരുവയിലെ വനംവകുപ്പിന്റെ സെന്‍ട്രല്‍ ഡിപ്പോയില്‍ കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍ ചിതലരിച്ച് നശിക്കുന്നു. തേക്ക്, ഈട്ടി, ഇരൂള്‍ തുടങ്ങിയ മരത്തടികളാണു ലേലം നടക്കാത്തതിനാല്‍ ദ്രവിച്ചു തീരുന്നത്. വനംവകുപ്പിന്റെ ഡിപ്പോകളിലെ മരം ലേലം ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറ്റിയതോടെയാണു പെരുവ സെന്‍ട്രല്‍ ഡിപ്പോയിലെ മരക്കച്ചവടം നിലച്ചത്. ഓണ്‍ലൈന്‍ സംവിധാനത്തിലെ നൂലാമാലകളും പൊതുവിപണിയേക്കാള്‍ മരത്തിനു വില കൂടുതലും കാരണമാണു വ്യാപാരികള്‍ ലേലത്തില്‍ പങ്കെടുക്കാത്തത്.

മുമ്പു മരം നേരില്‍കണ്ടു ഡിപ്പോയില്‍ നിന്നു തന്നെ വ്യാപാരികള്‍ ലേലം ചെയ്തുകൊണ്ടു പോവുന്ന രീതിയായിരുന്നു. നിലവില്‍ നാലുവര്‍ഷമായി ഇവിടെ നിന്നു മരം കയറ്റി കൊണ്ടുപോയിട്ടില്ല.  പെരുവ സെന്‍ട്രല്‍ ഡിപ്പോയെ ആശ്രയിച്ച് കുടുംബം പുലര്‍ത്തിയിരുന്ന ലോഡിംഗ് തൊഴിലാളികളെയാണു ഓണ്‍ലൈന്‍ സംവിധാനം ഏറെ ബാധിച്ചത്. ഇവിടെ ജോലി ചെയ്തിരുന്ന നാല്‍പ്പതോളം തൊഴിലാളികളുടെ കുടുംബങ്ങള്‍ ഇതോടെ പട്ടിണിയിലായി. ആദിവാസികള്‍ക്കു വീട് നിര്‍മിക്കുന്നതിനും മറ്റും ഇവിടെ നിന്നു മരങ്ങള്‍ കൊടുത്തിരുന്നു.

എന്നാല്‍ രണ്ടുവര്‍ഷമായി ഇതും നിലച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തേണ്ട കോടികള്‍ കണ്‍മുന്നില്‍ ചിതലരിച്ചു നശിക്കുമ്പോഴും അധികൃതര്‍ കാണിക്കുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണ്. പെരുവ സെന്‍ട്രല്‍ ഡിപ്പോയുടെ പ്രവര്‍ത്തനം പഴയപടി ആരംഭിക്കണമെന്നാണു തൊഴിലാളികളുടെ ആവശ്യം. വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ നടത്തുമെന്നും സൂചനയുണ്ട്.

Related posts