കോന്നി: പേപ്പര്‍ നിര്‍മാണ കേന്ദ്രത്തിന്റെ നിര്‍മാണം തുടങ്ങാനായില്ല, ആനത്താവളം ചീഞ്ഞു നാറുന്നു. ആനപ്പിണ്ടം ഉപയോഗിച്ച് പേപ്പര്‍ നിര്‍മിച്ചിരുന്ന കേന്ദ്രം പ്രവര്ത്തനസജ്ജമല്ലാതായതോടെയാണ് ആനത്താവളത്തില്‍ മാലിന്യം നിറഞ്ഞു തുടങ്ങിയത്. ആനകളുടെ പ്രദര്‍ശന കേന്ദ്രത്തോടുചേര്ന്നുള്ള വഴിയരികിലാണ് ആനപ്പിണ്ടം കൂട്ടിയിട്ടിരിക്കുന്നത്. ആനപ്പിണ്ടത്തിനൊപ്പം ആനകളുടെ ഭക്ഷണ അവശിഷ്ടങ്ങളും കെട്ടിക്കിടക്കുന്നത് പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്നുണ്ട്.
നിലവില്‍ പേപ്പര്‍ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൈതൃക മ്യൂസിയത്തിന് വിട്ടു നല്‍കിയതിനു ശേഷമാണ് പേപ്പര്‍ നിര്‍മാണം നിലച്ചത്. പൈതൃക മ്യൂസിയത്തോട് ചേര്‍ന്ന് എട്ടുമാസങ്ങള്‍ക്കു മുമ്പ് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കെട്ടിടം പേപ്പര്‍ നിര്‍മാണ യൂണിറ്റിനായി നിര്‍മിച്ചിരുന്നെങ്കിലും ഇവിടേക്ക് പുതിയ യന്ത്രങ്ങള്‍ ഇനിയും എത്തിയിട്ടില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തിയതാണ്. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ആവശ്യമുള്ള കാഡ് ബോര്‍ഡുകളായിരുന്നു തുടക്കത്തില്‍ ഇവിടെ നിര്‍മിച്ചിരുന്നത്. ആനപ്പിണ്ടം സംസ്കരിച്ചെടുത്ത് നിര്‍മിച്ചിരുന്ന കാഡ് ബോര്‍ഡുകള്‍ വ്യവസായ അടിസ്ഥാനത്തില്‍ നിര്‍മിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, മാസങ്ങളായി ഇവിടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. ആനപ്പിണ്ടം എടുക്കാതായതോടെ ഇവ ജീവനക്കാര്‍ ഇവിടെ കൂട്ടിയിടുകയാണ് ചെയ്യുന്നത്.
ആനത്താവളത്തിലെ ജീവനക്കാര്‍ക്കുള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പിടിപെട്ടിരുന്നു. നിരവധി സന്ദര്‍ശകരാണ് ആനത്താവളത്തില്‍ ഒരോദിനവും എത്തുന്നത്. ആനയുടെ മൂത്രത്തില്‍ നിന്നും ആനപ്പിണ്ടത്തില്‍ നിന്നും ഉയരുന്ന അസഹ്യമായ ദുര്‍ഗന്ധവും പരിസരവാസികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പേപ്പര്‍നിര്‍മാണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടതോടെ ഇവിടേക്ക് പരിശീലിപ്പിച്ചിരുന്നവര്ക്ക് മറ്റ് ജോലികള്‍ നല്‍കിയാണ് നിലനിര്‍ത്തിയിരിക്കുന്നത്.
ആനപ്പിണ്ടം ഉപയോഗിച്ച് കാരിബാഗുകളും ഇതര ഉത്പന്നങ്ങളും നിര്‍മിക്കാനും തീരുമാനിച്ചിരുന്നതാണ്. ആനപ്പിണ്ടം ഉപയോഗിച്ചുള്ള പേപ്പര്‍ നിര്‍മാണം സന്ദര്‍ശകര്‍ക്കും കൗതുക കാഴ്ചയായിരുന്നു. ഇതിനായി നിര്‍മിച്ച പുതിയ കെട്ടിടവും അധികൃതരുടെ അനാസ്ഥയില്‍ നാശം നേരിടുകയാണ്. നേരത്തെ വന ഉത്പന്നങ്ങള്‍ വേര്‍തിരിക്കാനായി ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടവും ഉപയോഗമില്ലാതെ നശിക്കുകയാണ്.