പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വ പഠന ക്യാമ്പ് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും

ekm-ummanchandyഇരിട്ടി: പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെയും ശനിയാഴ്ചയും  പൈതല്‍മലയില്‍ നേതൃത്വ പഠന പരിസ്ഥിതി സൗഹൃദ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  ക്യാമ്പിലെ പ്രതിനിധികളായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് ബ്ലോക്കിലെ ഡിസിസി ഭാരവാഹികള്‍, ഡിസിസി മെമ്പര്‍മാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങള്‍, മണ്ഡലം പ്രസിഡന്റുമാര്‍, പോഷകസംഘടനകളുടെ നിയോജക മണ്ഡലം പ്രസിഡന്റുമാര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ ത്രിതല പഞ്ചായത്ത് -മുന്‍സിപ്പാലിറ്റി അംഗങ്ങള്‍ എന്നിവരാണ്. ക്യാമ്പ്  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി. ജോസഫ് എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ,   എഐസിസി വക്താവ്  പി.സി. ചാക്കോ,   ഡിസിസി പ്രസിഡന്റ്    കെ. സുരേന്ദ്രന്‍, യൂത്ത് കോണ്‍ ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി മാത്യു കുഴല്‍ നാടന്‍,  കെപിസിസി ഭാരവാഹികളായ പി. രാമകൃഷ്ണന്‍, സതീശന്‍ പച്ചേനി, അഡ്വ.സജീവ് ജോസഫ്,  വി.എ. നാരായണന്‍, സുമാ ബാലകൃഷ്ണന്‍,   യുഡിഎഫ് ജില്ലാ ചെയര്‍മാന്‍  പ്രഫ. എ.ഡി. മുസ്തഫ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി  15ന് നിയോജക മണ്ഡലത്തിലെ എട്ട്  മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പദയാത്രകള്‍ സംഘടിപ്പിക്കുവാനും ബൂത്ത് തലത്തില്‍ ദേശീയപതാക ഉയര്‍ത്താനും തീരുമാനിച്ചു. പദയാത്ര ഇരിട്ടി -19ാം -മൈലില്‍ നിന്നും ആരംഭിച്ച് ഇരിട്ടിയില്‍ സമാപിക്കും. പായത്ത് മാടത്തിയില്‍ നിന്ന് ആരംഭിച്ച് വള്ളിത്തോട്ടില്‍ സമാപിക്കും. ആറളത്ത് എടൂരില്‍ നിന്നും തുടങ്ങി  കീഴ്പള്ളിയില്‍ സമാപിക്കും. അയ്യന്‍കുന്നില്‍ കരിക്കോട്ടക്കരിയില്‍ നിന്നും തുടങ്ങി  വാണിയപ്പാറയില്‍ സമാപിക്കും. കൊട്ടിയൂരില്‍ അമ്പായത്തോട്ടില്‍ നിന്നും അരംഭിച്ച്  ചുങ്കക്കുന്നില്‍ സമാപിക്കും.

കേളകത്ത് അടയ്ക്കാത്തോട്ടില്‍ നിന്നു കേളകത്തേക്കും  പേരാവൂരില്‍ മണത്തണയില്‍ നിന്നു പേരാവൂരിലേക്കും മുഴക്കുന്ന് പഞ്ചായത്തില്‍ എടത്തൊട്ടിയില്‍ നിന്നും വിളക്കോട്ടേക്കുമായിരിക്കും പദയാത്രകള്‍ സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പ്രസിഡന്റുമാരായ തോമസ് വര്‍ഗീസ്, ബൈജു വര്‍ഗീസ്, ഡിസിസി സെക്രട്ടറിമാരായ ലിസി ജോസഫ്, പടിയൂര്‍ ദാമോദരന്‍, മറ്റ് ഭാരവാഹികളായ പി.എ. സലാം, ജോസ് ജേക്കബ്, പി. കുട്ട്യപ്പ, ജയിന്‍സ് മാത്യു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts