ചങ്ങനാശേരി: പൈപ്പ്‌പൊട്ടി വെള്ളം റോഡിലൂടെ ഒഴുകി റോഡ് കുളമായി. നഗരമധ്യത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുമ്പിലാണ് റോഡ് തകര്‍ന്ന് അപകടക്കെണിയായത്. നഗരത്തിലേക്കുള്ള പൈപ്പ് ലൈന്‍ തുറക്കുമ്പോഴെല്ലാം ആയിരക്കണക്കിന് ലിറ്റര്‍ ശുദ്ധജലം പാഴാകുകയാണ് . കഴിഞ്ഞ ഒരുമാസത്തിലധികമായി പൈപ്പ് പൊട്ടി വെള്ളം ഒഴുകിയതോടെയാണു ബസ് സ്റ്റാന്‍ഡിലേക്കു ബസുകള്‍ പ്രവേശിക്കുന്ന കവാടത്തില്‍ ഗര്‍ത്തം രൂപപ്പെട്ടത്.
ഈ ഗര്‍ത്തത്തില്‍ ബസുകള്‍ അകപ്പെട്ട് കാല്‍നടക്കാരുടെ വസ്ത്രങ്ങളിലേക്കു ചെളിവെള്ളം തെറിക്കുന്നതോടൊപ്പം യാത്രക്കാര്‍ കാല്‍വഴുതി വീണ് അപകടം സംഭവിക്കുന്നതും സാധാരണമാണ്. നഗരത്തിലും വിവിധ പഞ്ചായത്തുകളിലും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് കണ്ടിട്ടും കണ്ണടച്ചിരിക്കുന്ന വാട്ടര്‍ അഥോറിറ്റിക്ക് ഇവിടത്തെ പൈപ്പ് പൊട്ടല്‍ ഒരു പുതുമയല്ല.നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന എംസി റോഡിലെ ചങ്ങനാശേരി നഗരമധ്യത്തിലുള്ള ഈ അപകടക്കെണി ഒഴിവാക്കാന്‍ വാട്ടര്‍ അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.