പൊതുസ്ഥലത്തെ മരംമോഷണം: പ്രതിയെ കോടതി വെറുതേവിട്ടു, പഞ്ചായത്ത് സെക്രട്ടറി ഹാജരാകണമെന്ന് കോടതി

Courtനാദാപുരം: പൊതുസ്ഥലത്തെ മരം മുറിച്ചെന്ന പരാതിയില്‍ പ്രതിയെ കോടതി വെറുതേവിട്ടു. ഈ കേസില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്. പുറമേരി ഗ്രാമപഞ്ചായത്തിലെ അരൂര്‍ എറോളക്കണ്ടി മോഹന്‍ദാസിനെയാണ് വിട്ടയച്ചത്.ഇയാള്‍ കുയ്യടി മുക്കില്‍നിന്ന് ഞാവല്‍ മരം മോഷ്ടിച്ചെന്ന് അന്നത്തെ സെക്രട്ടറി രാജീവനാണ് നാദാപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഇതനുസരിച്ച് മുറിച്ചിട്ട മരം കസ്റ്റഡിയിലെടുത്ത പോലീസ് മോഹന്‍ദാസിനെതിരെ കേസെടുക്കുകയായിരുന്നു. എന്നാല്‍ പൊതുസ്ഥലമല്ലെന്നും തന്റെ സ്ഥലമാണെന്നും മോഹന്‍ദാസ് കോടതിയില്‍ ബോധിപ്പിച്ചു. ഇത് സ്വീകരിച്ച നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മോഹന്‍ദാസിനെ വെറുതേവിടുകയും അടിസ്ഥാനരഹിതമായ പരാതി ഉന്നയിച്ചതിന് നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ സെക്രട്ടറിക്ക് നോട്ടീസയക്കാനും ഉത്തരവിട്ടു. സെക്രട്ടറി 29ന് കോടതിയില്‍ നേരിട്ട് ഹാജരാകണം.10,000 രൂപ നഷ്ടമുണ്ടായെന്നാണ് സെക്രട്ടറി പരാതിപ്പെട്ടത്. മോഹന്‍ദാസിനുവേണ്ടി അഡ്വ. കെ.എം.രഘുനാഥ് ഹാജരായി. 2012 സെപ്റ്റംബര്‍ 15 നായിരുന്നു സംഭവം.

Related posts