വൈത്തിരി: മാലിന്യപ്രശ്നം രൂക്ഷമായ പൊഴുതന പഞ്ചായത്തിലെ അച്ചൂര് മൊയ്തീന് പാലത്തിനുസമീപം മാലിന്യം നിക്ഷേപിക്കുന്നത് അവസാനിപ്പിക്കാന്‍ പഞ്ചായത്ത് ചുറ്റുമതില്‍ നിര്‍മാണം ആരംഭിച്ചു. പഞ്ചായത്തിന്റെ തനത്ഫണ്ടില്നിന്നും മാലിന്യസംസ്കരണത്തിന്റെ ഭാഗമായി രണ്ട് ലക്ഷം രൂപയോളം ചിലവിട്ടാണ് മതില് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്.
കഴിഞ്ഞ എതാനും വര്‍ഷങ്ങളായി മാലിന്യവും തെരുവ്നായശല്യവും കാരണം കടുത്ത പ്രതിസന്ധിയിലാണ് പ്രദേശവാസികളും കാല്‍നടയാത്രക്കാരും. പഞ്ചായത്തിനു പുറമെ മറ്റു സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളിലടക്കം മെയ്തീന് പാലത്തിന് സമീപത്തെ പാതയോരത്തും പുഴകള്‍ക്ക് സമീപത്തും മാലിന്യം നിക്ഷേപിക്കുന്നത് പതിവാണ്.
കഴിഞ്ഞ വര്‍ഷം മാലിന്യപ്രശ്നത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് മാലിന്യവുമായി പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രശ്ന പരിഹാരത്തിനായി അന്നത്തെ പഞ്ചായത്ത് ഭരണസമിതി മാലിന്യങ്ങള്‍ കുഴികുത്തി കുഴിച്ച് മൂടുന്നതിന് പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരം കണ്ടില്ല. ഇതിനെ തുടര്‍ന്നാണ് പ്രശ്നം പരിഹരിക്കുന്നതിനായി പഞ്ചായത്ത് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലേക്കുള്ള വഴിയില്‍ മതില് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.