പോര്‍ച്ചുഗല്‍ യൂറോപ്പിന്റെ രാജാക്കന്മാര്‍

fb-euroപാരീസ്: ആതിഥേയരായ ഫ്രാന്‍സിനെ കീഴടക്കി യൂറോ കപ്പ് കിരീടം പോര്‍ച്ചുഗല്‍ സ്വന്തമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് പറങ്കികള്‍ ഒരു ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിടുന്നത്. ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ യൂറോപ്പിന്റെ രാജാക്കന്‍മാരായത്. സാഞ്ചസിനു പകരക്കാരനായി ഇറങ്ങിയ എഡറാണ് എക്‌സ്ട്രാ ടൈമില്‍ പോര്‍ച്ചുഗലിന്റെ വിജയ ഗോള്‍ നേടിയത്. ഫ്രാന്‍സുമായി നേര്‍ക്കുനേര്‍ വന്ന അവസാന പത്തുമത്സരത്തിലും വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന പേരുദോഷത്തിനു മറുപടിയുമായിരുന്നു പോര്‍ച്ചുഗലിന്റെ ഈ വിജയം.

2004 ല്‍ യൂറോ കപ്പ് ഫൈനലിലെത്തിയതാണ് പോര്‍ച്ചുഗലിന്റെ ഇതിനുമുമ്പുള്ള വലിയ നേട്ടം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിക്കേറ്റതിനെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ടെങ്കിലും അദ്ദേഹത്തെ സാക്ഷിയാക്കിയാണ് സഹതാരങ്ങള്‍ കിരീടം പോര്‍ച്ചുഗലിനു നേടിക്കൊടുത്തത്. 23-ാം മിനിറ്റില്‍ പയറ്റിന്റെ ഫൗളില്‍ കാല്‍മുട്ടിനു പരിക്കേറ്റാണ് റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത്. വേദന സഹിക്കാനാകാതെ കരഞ്ഞു കൊണ്ട് റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത് ആരാധകരെ നിരാശയിലാക്കി.

മത്സരത്തില്‍ മേധാവിത്വം ഫ്രാന്‍സിനായിരുന്നു. നിരവധി ഗോളവസരങ്ങള്‍ പാഴാക്കിയശേഷമാണ് ഫ്രാന്‍സ് ഗോള്‍ വഴങ്ങിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇരു ടീമും ഗോളൊന്നും നേടാത്തതിനെ തുടര്‍ന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്കു നീങ്ങുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രാന്‍സിനായി ഗ്രീസ്മാനും ജിറാഡും ഗോള്‍ അടിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലവത്തായില്ല. അധികസമയത്തിലെ 19-ാം മിനിറ്റിലാണ് എഡറിന്റെ ലോംഗ് റേഞ്ച് ഷോട്ട് ഫ്രഞ്ച് ഗോളിയേയും മറികടന്ന് വലയിലെത്തിയത്.

മൂന്നാമതു യൂറോ കപ്പ് കിരീടം നേടാമെന്ന സ്വപ്നമാണ് ഇത്തവണ ഫ്രഞ്ച് പടയ്ക്കു നഷ്ടമായത്. 1984ലും 2000ലുമാണ് ഫ്രാന്‍സ് യൂറോയില്‍ കിരീടം നേടിയിട്ടുള്ളത്. ടൂര്‍ണമെന്റില്‍ ആറു ഗോളോടെ ഫ്രാന്‍സിനെ ഫൈനലിലെത്തിച്ചതില്‍ നിര്‍ണായക പങ്ക് അന്റോണിയോ ഗ്രീസ്മാനിനാണ്. അതേസമയം, യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ കിരീടം ചൂടിയതോടെ മെസിക്കുമേലേ റൊണാള്‍ഡോയെ പ്രതിഷ്ഠിക്കുന്നവരുടെ എണ്ണം കൂടുമെന്നു തീര്‍ച്ച. സമകാലിക ഫുട്‌ബോളില്‍ ലയണല്‍ മെസിക്കൊപ്പം ചേര്‍ത്തുവായിക്കുന്ന പേരാണ് റൊണാള്‍ഡോയുടേത്.

Related posts