കാട്ടാക്കട: അമ്പലങ്ങളില്‍ ചുറ്റിപറ്റി നിന്ന് മോഷണം നടത്തുന്ന അമ്പലമോഷ്ടാവിനെ കാട്ടാക്കട സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. നെയ്യാറ്റിന്‍കര അതിയന്നൂര്‍ കോട്ടുകാല്‍ തെങ്കവിള മാങ്കുട്ടത്തില്‍ വീട്ടില്‍ സനല്‍കുമാറി (41) നെയാണ് കാട്ടാക്കട പോലീസ് അറസ്റ്റു ചെയ്തത്. 2015ല്‍ കൊല്ലം ആനന്ദവല്ലീശ്വര ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. വിചാരണയ്ക്ക് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞ് വീണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്തുവരികയായിരുന്നു ഇയാള്‍. കാട്ടാക്കടയിലും പരിസരത്തും അമ്പലങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകളില്‍ നിന്ന് പണവും ആഭരണവും കവര്‍ന്ന കേസിലാണ് പിടിയിലായത്.
കാട്ടാക്കട ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും കഴിഞ്ഞ മാസം ആരാധനക്കായി എത്തിയ ശാലിനി എന്ന സ്ത്രീയുടെ ബാഗും ബാഗിനകത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണത്തിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വിശേഷാല്‍ ദിവസങ്ങളില്‍ ആരാധനയ്ക്കായി എത്തുന്ന സ്ത്രീകളുടെ ബാഗ് മോഷ്ടിക്കുന്നതാണ് പുതിയ രീതി. തിരക്ക് മുതലെടുത്തുകൊണ്ടാണ് പ്രതി മോഷണം നടത്തി വന്നിരുന്നത്. ക്ഷേത്രങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ കൈവശമുള്ള ബാഗ് സൗകര്യപ്രദമായി സൂക്ഷിക്കുന്ന തിനായി വയ്ക്കുന്ന സമയം അവരെ നിരീക്ഷിച്ചശേഷം ഇയാള്‍ ബാഗ് കൈക്കലാക്കി ഇയാളുടെ കൈവശമുള്ള ഷോള്‍ഡര്‍ ബാഗില്‍ ഒളിപ്പിച്ചു സ്ഥലത്തു നിന്നു മുങ്ങുകയാണ് പതിവ്.
നഷ്ടപ്പെടുന്നത് ചെറിയ തുകകളാ ണെങ്കില്‍ പലരും പോലീസിനോട് പരാതിപ്പെടാതെ പോകുന്നതാണ് ഇയാള്‍ക്ക് അനുഗ്രഹമാകുന്നത്. പോലീസ് ശൈലിയില്‍ മുടി പറ്റേവെട്ടി വൃത്തിയായി വേഷവിധാനം ചെയ്ത് ക്ഷേത്രപരിസരത്ത് കാണപ്പെടുന്ന ഇയാള്‍ പോലീസ് എന്ന വ്യാജേനെയാണ് കാട്ടാക്കടയില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ജ്വവല്ലറിയില്‍ വിറ്റതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ക്ഷേത്രങ്ങളില്‍ നിന്നും മോഷണം നടത്തി കഴിഞ്ഞാല്‍ ഉടന്‍ തന്നെ കൈവശമുള്ള മറ്റൊരു ഷര്‍ട്ട് ധരിച്ച് രക്ഷപ്പെടുകയാണ് ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു .
തിരുവനന്തപുരം റൂറല്‍ എസ്.പി ഷെഫീന്‍ അഹമ്മദിന്റെ നിര്‍ദ്ദേശാനുസരണം നെടുമങ്ങാട് ഡിവൈഎസ്പി ഡി.ബിജുമോന്റെ നേതൃത്വത്തില്‍ കാട്ടാക്കട സിഐ അനുരൂപ്, കാട്ടാക്കട എസ്‌ഐ ബിജുകുമാര്‍ സിപിഒമാരായ സുഭാഷ്, അജിത്ത് കുമാര്‍, അരുണ്‍, പ്രദീപ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതില്‍ ഹാജരാക്കി.