ആലപ്പുഴ: മൊബൈല്‍ ഫോണില്‍ വിളിച്ച പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞെന്ന പരാതിയിന്മേല് യുവാവിനെ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ സ്വദേശി ഷിജുവിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:- മുന്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന സുരേഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഹോം നഴ്സിംഗ് സ്ഥാപനവുടമയുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഇയാള്‍ ഇവരോട് ഫോണില്‍ മോശമായി പെരുമാറിയത് സംബന്ധിച്ച് അന്വേഷിക്കുന്നതിനായി സുരേഷ്കുമാര്‍ ഷിജുവിന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചിരുന്നു.പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞിട്ടും ഇയാള്‍ അസഭ്യം പറയുകയും മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് സുരേഷ്കുമാര്‍ സംഭവം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതി സൗത്ത് പോലീസിലേക്ക് അന്വേഷണത്തിനായി കൈമാറുകയും അന്വേഷണത്തില്‍ യുവാവിനെ പിടികൂടുകയുമായിരുന്നു.
പോലീസ് ഉദ്യോഗസ്ഥനാണ് ഫോണില്‍ വിളിച്ചതെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. തന്നെ കബളിപ്പിക്കാന്‍ ആരോ ശ്രമിക്കുകയാണെന്ന ധാരണയാലാണ് ഇത്തരത്തിലുള്ള പെരുമാറ്റം തന്റെ ഭാഗത്തുനിന്നുണ്ടായതായും യുവാവ് പറഞ്ഞു. അറസ്റ്റ് ചെയ്ത യുവാവിനെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.