പെരിന്തല്‍മണ്ണ: തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞു വീട്ടിലെത്തിയ പോളിംഗ്് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കും കാറും ദുരൂഹ സഹചര്യത്തില്‍ കത്തിനശിച്ച സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് അന്വേഷണം ശക്തമാക്കി. വേങ്ങര മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥനായ കുന്നക്കാവ് നടുവില്‍ വീട്ടില്‍ രാമന്‍കുട്ടിയുടെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയ വാഹനങ്ങളാണ് കത്തി നശിച്ചത്.
തിങ്കളാഴ്ച രാത്രി തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് 11 മണിയോടെ വീട്ടിലെത്തിയ രാമന്‍കുട്ടിയും കുടുംബവും ഭക്ഷണം കഴിച്ച് 12 മണിക്ക് ഉറങ്ങിയിരുന്നു. ഇതിനിടെയാണ് 12.30ന് പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും കാറും തീ പടരുന്നത് വീട്ടുകാര്‍ കണ്ടത്. വീട്ടുകാര്‍ ബഹളംവച്ചതോടെ അയല്‍ക്കാര്‍ ഓടിയെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും ബൈക്ക് പൂര്‍ണമായും കാറ് ഭാഗികമായും കത്തി നശിച്ചു. സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമല്ല ഫോറന്‍സിക് വിദഗ്ധര്‍ വാഹനം പരിശോധിച്ചു. രാമന്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭ്യമായാലേ യഥാര്‍ഥ കാരണം വ്യക്തമാക്കാനാകൂവെന്നാണ് പോലീസ് പറയുന്നത്.