പ്രഖ്യാപനത്തിലൊതുങ്ങി കടമ്പ്രയാര്‍ വിനോദ സഞ്ചാര കേന്ദ്രം

ekm-kadambrayarകിഴക്കമ്പലം:  കൊട്ടിഘോഷിച്ച് നടത്തിയ കടമ്പ്രയാര്‍ ടൂറിസം കേന്ദ്രം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നു. ടൂറിസം കേന്ദ്രത്തിന്റെ ഉദ്ഘാടനം മാത്രമാണ് ഇന്ന് നാട്ടുകാരുടെ ഓര്‍മ്മയിലെ കടമ്പ്രയാര്‍ ടൂറിസം വികസനം. കിഴക്കമ്പലം പഞ്ചായത്തിലെ പുതുശേരിക്കടവില്‍ നാല് തോടുകളുടെ സംഗമ കേന്ദ്രമായ കടമ്പ്രയാറില്‍ വിനോദ കേന്ദ്രത്തിന് ഏറെ സാധ്യതകളാണ് പ്രതീക്ഷിച്ചിരുന്നത്. മനയ്ക്കകടവിലുള്ള വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്കിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ടൂറിസം കേന്ദ്രത്തിലേക്ക് ടൂറിസ്റ്റുകള്‍ ഓഴുകിയെത്തുമെന്നായിരുന്നു അധികൃതരുടെ കണക്കു കൂട്ടല്‍.

അതിനു വേണ്ടിയുള്ള കൃത്യമായ തയാറെടുക്കലുകള്‍ അന്നത്തെ കുന്നത്തുനാട് എംഎല്‍എ ആയിരുന്ന എം.എം മോനായിയുടെ നേതൃത്വത്തില്‍ നടത്തുകയും ചെയ്തിതുന്നു. കടമ്പ്രയാറിനോട് ചേര്‍ന്ന് അത്യാധുനിക രീതിയിലുള്ള റസ്റ്റോറന്റ് നിര്‍മ്മിക്കുമെന്ന് അന്ന് പ്രഖ്യാപനം നടത്തിയിരുന്നു. കൊച്ചിയിലേക്കെത്തുന്ന വിദേശികളെ കടമ്പ്രയാറിലേക്ക് ആകര്‍ഷിക്കാന്‍ ഇത് സഹായകമാകുമെന്നായിരുന്നു വിലയിരുത്തല്‍. എറണാകുളത്തേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ബോട്ടിംഗ് സംവിധാനവും ഓരുക്കുമെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ ഇതെല്ലാം തന്നെ പ്രഖ്യാപനങ്ങളില്‍ തന്നെ ഒതുങ്ങുകയായിരുന്നു. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ കോടികളുടെ വികസനം കടമ്പ്രയാറില്‍ സാധ്യമാക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. സമീപത്ത് നിര്‍മ്മിച്ച നടപ്പാതയിലും തൂക്കുപാലത്തിലുമായി അതും മുങ്ങിപ്പോയി. ഇതിനിടെ കോടികള്‍ ചെലവഴിച്ച് ഡ്രഡ്ജിംഗ് നടത്തിയത് വിവിദാമായിരുന്നു. കരാറുകാരനും ഡി.ടി.പി.സി അധികൃതരും ഇതിലൂടെ വന്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണവും ശക്തമാണ്.

ടൂറിസം കേന്ദ്രം നടത്തിപ്പുകാരനും പോയതോടെ ആളെഴിഞ്ഞു കിടക്കുന്ന കടമ്പ്രയാറില്‍ കഞ്ചാവ് മാഫിയകള്‍ താവളമുറപ്പിച്ചു തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. പ്രദേശത്ത് സിസിടിവി കാമറ സ്ഥാപിക്കണെമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാണ്. കൂടാതെ പോലീസ് പട്രോളിംഗും ശക്തമാക്കേണ്ടതുണ്ട്. കടമ്പ്രയാര്‍ ടൂറിസം കേന്ദ്രവുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ഏരേ സ്വരത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

Related posts