പ്രണയത്തിന് പ്രായവുമില്ല…! 36കാരിയായ കാമുകിയെ തേടി 26കാരന്‍ പാലക്കാട്ടുനിന്ന് ബൈക്കില്‍ കടുത്തുരുത്തിയില്‍; കൈയിലുള്ള പണം തികയാതെ വന്നപ്പോള്‍ കാമുകന്‍ കാട്ടിക്കൂട്ടിയത് ഇതൊക്കെ…

Loveകടുത്തുരുത്തി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു പ്രണയത്തിലായ കാമുകിയെ തേടി യുവാവ് പാലക്കാട്‌നിന്നും ബൈക്കില്‍ കടുത്തുരുത്തിയിലെത്തി. യുവതിയുമായി കറങ്ങിയശേഷം വീണ്ടും കറങ്ങാന്‍ പോകാന്‍ കടുത്തുരത്തി ടൗണില്‍ പണം വായ്പ വാങ്ങാനെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു.

പാലക്കാട് സ്വദേശിയായ 26 കാരനാണ് ഫേസ്ബുക്ക് പ്രണയം മൂത്ത് കടുത്തുരുത്തി സ്വദേശിയായ 36 കാരിയെ അന്വേഷിച്ചെത്തിയത്. സെയില്‍സ് ഗേളായി ജോലി നോക്കുന്ന യുവതിയെ കണ്ടുപിടിച്ചശേഷം ഇരുവരും തലയോലപ്പറമ്പില്‍ സിനിമയും കണ്ട് ബൈക്കില്‍ യുവതിയുടെ ആയാംകുടിയിലെ വീട്ടിലെത്തി. തുടര്‍ന്നു ചോറ്റാനിക്കരയ്ക്കു പോകാന്‍ പ്ലാന്‍ ചെയ്തു. 1500 രൂപ യുവാവിന്റെ കൈയ്യില്‍ ഉണ്ടായിരുന്നെങ്കിലും രാത്രിയിലെ ആവശ്യത്തിന് ഇതു തികയില്ലെന്ന് തോന്നലുണ്ടായതിനെത്തുടര്‍ന്നു കുറച്ചു പണം കൂടി സംഘടിപ്പിക്കാനാണ് യുവാവ് കടുത്തുരുത്തി ടൗണിലെത്തിയത്.

യുവതിയോട് വീട്ടില്‍ യാത്രയ്ക്ക് ഒരുങ്ങിനില്‍ക്കാന്‍ പറഞ്ഞു പോയ യുവാവ് ഗവണ്‍മെന്റ് സ്കൂളിനു സമീപമെത്തി കണ്ടവരോടെല്ലാം 500 രൂപ വായ്പ ചോദിച്ചു. ഇതിനിടെ ബൈക്കുകാരെ കൈ കാണിച്ചു നിര്‍ത്തിയും പണം വായ്പ ചോദിച്ചതോടെ നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു.

പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു വിവരങ്ങള്‍ തിരക്കിയപ്പോളാണ് പാലക്കാട് നിന്നും കാമുകിയെത്തേടി ഇവിടെയെത്തിയ കാര്യം അറിഞ്ഞത്. തുടര്‍ന്ന് യുവതിയോടു ഫോണില്‍ തിരക്കിയപ്പോള്‍ യുവാവ് പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നു യുവതി പറഞ്ഞു. സംഭവത്തില്‍ പരാതിയില്ലെന്നും യുവതി അറിയിച്ചു. ഇതേത്തുടര്‍ന്നു യുവാവിന്റെ വീട്ടുകാരെ വിളിച്ചുവരുത്തി പോലീസ് അയാളെ മടക്കി അയച്ചു.  ടൗണില്‍ പോയിട്ട് ഇപ്പോള്‍ വരാമെന്നു പറഞ്ഞാണ് സുഹൃത്തിന്റെ ബൈക്കുമായി ഇയാള്‍ പാലക്കാട്‌നിന്നും കടുത്തുരുത്തിക്കു പോന്നത്.

Related posts