പ്രണയിനിക്കൊപ്പം നാടുവിടാന്‍ യുവാവിന്റെ ശ്രമം; ഒടുവില്‍ പോലീസ് പിടിയില്‍

alp-ottamകോന്നി: വീട്ടുകാരറിയാതെ സുഹൃത്തുക്കളുടെ സഹായത്തോടെ പെണ്‍കുട്ടിയുമായി മുങ്ങാനുള്ള യുവാവിന്റെ ശ്രമം നാട്ടുകാര്‍ പൊളിച്ചു. ഇന്നലെ രാവിലെ പത്തോടെ കോന്നി ആനത്താവളത്തിനു സമീപത്താണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.കോന്നിക്കു സമീപപ്രദേശത്തുള്ള പെണ്‍കുട്ടിയും യുവാവും നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരം ആനത്താവളത്തിലെത്തുകയായിരുന്നു. യുവാവ് വാഹനവും കരുതിയിരുന്നു. ഇയാളുടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ആനത്താവളത്തില്‍ ഏറെനേരം നിന്നശേഷം മാരുതിവാനില്‍ കയറാനുള്ള നിര്‍ദേശം പെണ്‍കുട്ടി പൊടുന്നെ നിരസിച്ചതാണ് പ്രശ്‌നമായത്. പെണ്‍കുട്ടിയുടെ വിതുമ്പല്‍ ഉച്ചത്തിലാക്കുകയും സ്ഥലത്തുണ്ടായിരുന്നവര്‍ ശ്രദ്ധിക്കുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയെ വാഹനത്തില്‍ വലിച്ചുകയറ്റി സ്ഥലംവിട്ടു.

സംഭവം കണ്ടുനിന്നവര്‍ ഉടന്‍തന്നെ ജാഗരൂകരായി. പോലീസിലും സമീപപ്രദേശങ്ങളിലും വിവരം കൈമാറി. കോന്നിയിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടിയെന്ന പ്രചാരണവും ഇതിനിടെയുണ്ടായി. തുടര്‍ന്ന് സ്കൂളുകളിലും അന്വേഷണമായി. കോന്നി പോലീസ് സമീപ പോലീസ് സ്‌റ്റേഷനുകളിലേക്കു വിവരം കൈമാറി. തൊട്ടടുത്ത കൊടുമണ്ണില്‍ തന്നെ വാഹനം കുടുങ്ങി. യുവാവിനെയും യുവതിയെയും പോലീസ് സ്‌റ്റേഷനില്‍ കയറ്റി ചോദ്യം ചെയ്തു. തങ്ങള്‍ ഇഷ്ടത്തിലായിരുന്നെന്നും നാടുവിടാന്‍ തീരുമാനിച്ചിരുന്നെന്നും ആദ്യം പറഞ്ഞു.

കൂടുതല്‍ ചോദ്യം ചെയ്യലില്‍ നാടുവിടാനുള്ള തീരുമാനം പെണ്‍കുട്ടി പൊടുന്നനെ മാറ്റുകയും യുവാവിനൊപ്പം പോകുന്നില്ലെന്നുമായി. രക്ഷിതാക്കളെ പോലീസ് വിളിച്ചുവരുത്തി പെണ്‍കുട്ടിയെ അവര്‍ക്കൊപ്പം പറഞ്ഞയച്ചു. പരാതി ഇല്ലെന്നറിയിച്ചതോടെ യുവാവിനെയും സുഹൃത്തുക്കളെയും വിട്ടയച്ചു.

Related posts