പെരുമ്പാവൂര്‍: നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്നു ബുദ്ധിമുട്ടിലായത് നാട്ടുകാര്‍. അന്വേഷണത്തിന്റെയും പരിശോധനയുടെയും പേരില്‍ നാട്ടുകാര്‍ ദുരിതത്തിലാണ്. ഇന്നലെ പോലീസ് നാട്ടുകാരുടെ വിരലടയാളം എടുത്തതു പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇരുന്നൂറിലധികം പുരുഷന്‍മാരുടെ വിരലടയാളം പോലീസ് ശേഖരിച്ചു. ഇന്നും ഈ നടപടി തുടരുന്നുണ്ട്.
കൊലപാതകം നടന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിന് യാതൊരു തുമ്പും കിട്ടാതെ വന്നതോടെയാണ് നാട്ടുകാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. വിളിപ്പിക്കല്‍, ചോദ്യം ചെയ്യല്‍, തെളിവെടുപ്പ്, പരിശോധന, വിരലടയാളം എടുക്കല്‍ തുടങ്ങി കൊലപാതകം നടന്നപ്പോള്‍ മുതല്‍ മുള്‍മുനയിലാണു പരിസരവാസികളും നാട്ടുകാരും. വിരലടയാളം ശേഖരിക്കലും മറ്റും എല്ലാവരെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഏര്‍പ്പാടാണെന്നു നാട്ടുകാര്‍ പറയുന്നു. പരിസരവാസികളില്‍ പലര്‍ക്കും രണ്ടാഴ്ചയായി ജോലിക്കുപോകാന്‍ പോലും കഴിഞ്ഞിട്ടില്ല. ഏതു സമയത്താണു പോലീസ് ചോദ്യം ചെയ്യാന്‍ വിളിക്കുന്നതെന്ന് അറിയില്ല.
വിരലടയാളം കൊടുക്കാന്‍ പോയ പലര്‍ക്കും ഇന്നലെ ജോലിക്കു പോകാന്‍ കഴിഞ്ഞില്ല. അന്വേഷണത്തിന്റെ ഭാഗമായി നാട്ടുകാരായ ചെറുപ്പക്കാരെ അന്വേഷണ ഉദ്യോഗസ്ഥര്‍ പലപ്രാവശ്യം വിളിച്ചു ചോദ്യം ചെയ്തിരുന്നു. സംശയത്തിന്റെ മുന്‍മുനയില്‍ കഴിയുന്നതു പലരെയും സമ്മര്‍ദത്തിലാക്കിയിട്ടുമുണ്ട്.
കുറ്റവാളികളെ കണ്ടുപിടിക്കാന്‍ കഴിയാത്തതിനാല്‍ നിരന്തരം ചോദ്യംചെയ്യലിന്റെ പേരിലും മാരകായുധങ്ങള്‍ കണ്ടെടുക്കലിന്റെ പേരിലും അന്വേഷണ ഉദ്യോഗസ്ഥര്‍ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. പ്രതി കനാലില്‍ ഇറങ്ങിയാണ് രക്ഷപ്പെട്ടതെന്നു സംശയിക്കുന്ന തെളിവുകള്‍ സമീപവാസികളായ ഏതാനും സ്ത്രീകള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, കനാലില്‍നിന്നു കയറിയ പ്രതി ഏതു വഴിയാണു രക്ഷപ്പെട്ടതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കൊലയ്ക്ക് ഉപയോഗിച്ച മാരകായുധങ്ങള്‍ ഒന്നുംതന്നെ പോലീസിന് കണ്ടെടുക്കാന്‍ കഴിയാത്തതും അന്വേഷണ സംഘത്തിന്റെ തുടര്‍നടപടികള്‍ക്കും തടസമായി. ജിഷയുടെ സഹോദരി ദീപയെ ചോദ്യംചെയ്യലില്‍ വ്യക്തമായ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ചികിത്സയില്‍ കഴിയുന്ന അമ്മയുടെ മൊഴി എടുത്താല്‍ എന്തെങ്കിലും സൂചന കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ പോലീസ്. അതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.