തളിപ്പറമ്പ്: നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍ഥന നിരസിച്ച അധികൃതരുടെ നിസംഗതയുടെ രക്തസാക്ഷിയായി മാറിയിരിക്കയാണു പറവൂര്‍ സ്വദേശി ഉള്ളോറ പ്രദീപന്. വര്‍ഷങ്ങള്‍ക്കുമുമ്പു വാഹനമിടിച്ചു തകര്‍ന്ന കാരക്കുണ്ട് പാലത്തിന്റെ കൈവരികള്‍ മാറ്റി സ്ഥാപിക്കണമെന്നുനാട്ടുകാര് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടുവരികയായിരുന്നു. ഇളകിക്കിടന്ന ഇരുമ്പ് പൈപ്പുകള്‍ കയര്‍കൊണ്ടു കെട്ടി താത്കാലിക പരിഹാരമുണ്ടാക്കുകമാത്രമാണ് അധികൃതര്‍ ചെയ്തത്.
തെരുവുവിളക്കുകളില്ലാത്ത പാലത്തിലൂടെ രാത്രി യാത്ര അപകടകരമായിരുന്നു. പാലത്തിന്റെ സഌബുകളില് നിന്ന് അകന്നുനില്ക്കുന്ന കൈവരികള്ക്കിടയിലൂടെയാണു പ്രദീപന് പുഴയിലേക്കു വീണത്. അധികം വെള്ളമുണ്ടായിരുന്നില്ലെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായതായിരിക്കാം മരണകാരണമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
പാലത്തില്‍ തെരുവുവിളക്ക് ഏര്‍പ്പെടുത്തണമെന്നും തകര്‍ന്ന കൈവരികള്‍ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു നാട്ടുകാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. അധികൃതരുടെ അനാസ്ഥകാരണം സംഭവിച്ച മരണമായതിനാല്‍ പ്രദീപന്റെ ബന്ധുക്കള്‍ക്കു നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.