പ്രമേഹം ശമിപ്പിക്കും ! ഞാവല്‍ പഴം തേടി മെഡിക്കല്‍ കോളജ് കാമ്പസിലേക്ക് നിരവധി പേര്‍

TCR-NJAVALമുളങ്കുന്നത്തുകാവ്: പ്രമേഹം ശമിപ്പിക്കാന്‍ ഞാവല്‍ പഴം അത്യുത്തമമെന്ന പ്രചരണം വന്നതോടെ സമൃദ്ധമായി ഞാവല്‍ മരങ്ങളുണ്ടായിരുന്ന മെഡിക്കല്‍ കോളജ് കാമ്പസിലേക്ക് പഴം പറിക്കാന്‍ വിദൂര സ്ഥലങ്ങളില്‍ നിന്നു പോലും ആളുകളെത്തുന്നു.     ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഞാവല്‍ മരങ്ങളുള്ളത് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് കാമ്പസിലാണെന്നു പറയാം. എന്നാല്‍ വികസനത്തിന്റെ പേരില്‍ നിരവധി മരങ്ങള്‍ ഇവിടെ നിന്നു മുറിച്ചു മാറ്റിയെങ്കിലും ഇപ്പോഴും ഞാവല്‍ പഴം പറിക്കാന്‍ കച്ചവടക്കാര്‍ മുതല്‍ നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഒരു ഞാവല്‍ പഴത്തിന് ഒരു രൂപ പത്തു പൈസയ്ക്കാണ് കച്ചവടക്കാര്‍ നല്‍കുന്നത്. ഞാവല്‍ പഴം തേടി കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് ആളുകള്‍ മെഡിക്കല്‍ കോളജിലെത്തുന്നത്.

ഞാവല്‍ പഴം പറിക്കാന്‍ രോഗികളും അവരുടെ കൂട്ടിരിപ്പുകാരും, കോളജ് വിദ്യാര്‍ഥികളും തുടങ്ങി നിരവധി പേരാണ് രാവിലെ തന്നെ ഇവിടെയുണ്ടാകുക. കൂടാതെ ചേലക്കര, എരുമപ്പെട്ടി, തൃശൂര്‍, ഗുരുവായൂര്‍, കുന്നംകുളം, വടക്കാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കച്ചവടക്കാരും എത്തുന്നുണ്ട്. രാവിലെ ആറു മുതല്‍ ഒമ്പതു വരെയാണ് ഞാവല്‍ പഴങ്ങള്‍ ശേഖരിക്കുന്നത്. ഞാവല്‍ പഴം ഉപ്പുകൂട്ടി കഴിച്ചാല്‍ പ്രമേഹത്തിന് ശമനം ഉണ്ടാകുമത്രേ. കൂടാതെ ഇതിന്റെ കുരു ഉണക്കി പൊടിച്ച് വെള്ളത്തിലിട്ട് കുടിച്ചാലും പ്രമേഹം വളരെ അധികം കുറയും. ഞാവല്‍ മരത്തിന്റെ തൊലി വെട്ടിയെടുത്ത് വെള്ളത്തില്‍ തിളപ്പിച്ച് കുടിച്ചാലും പ്രമേഹം ശമിപ്പിക്കാന്‍ കഴിയും.

കേരളത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം കൂടുകയും മരുന്നുകളുടെ വില വര്‍ധിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ശരീരത്തിന് ദോഷ ഫലം ഇല്ലാത്തതും കീടനാശിനിയുടെ ശല്യം ഇല്ലാത്ത പ്രകൃതിയുടെ വരദാനമായ ഞാവല്‍ പഴത്തിന് ആവശ്യക്കാര്‍ ഏറിവരികയാണ്. കാലാവസ്ഥയിലെ വ്യതിയാനം കാരണം പഴത്തിന്റെ എണ്ണത്തില്‍ വളരെ കുറവാണ് ഈ വര്‍ഷം. കഴിഞ്ഞ വര്‍ഷങ്ങളില്‍ പതിനായിരം രൂപയ്ക്കുവരെ ദിവസവും കച്ചവടം നടത്തിയിട്ടുണ്ടെന്ന കച്ചവടക്കാര്‍ പറഞ്ഞു. എന്നാല്‍ ഇത്തവണ മൂവായിരത്തില്‍ താഴെ മാത്രമേ കച്ചവടം നടത്താനുള്ള പഴം കിട്ടുന്നുള്ളൂ. പഴം പറിക്കുന്നതിന്റെ കൂലി മാത്രമേ കിട്ടുന്നുള്ളൂവെന്നാണ് കച്ചവടക്കാരായ ചേലക്കര സ്വദേശി സലിമും നെല്ലുവായ് സ്വദേശി രഞ്ജിത്തും പറഞ്ഞു.

Related posts