പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രം ആരോഗ്യവകുപ്പിന്റെ അനാസ്ഥമൂലം തകര്‍ന്നു

ekm-pradamikjaകോതമംഗലം:കീരമ്പാറ പഞ്ചായത്ത് പരിധിയില്‍ രണ്ടര പതിറ്റാണ്ടു മുമ്പു വരെ പ്രവര്‍ത്തിച്ചിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രം ആരോഗ്യവകുപ്പിന്റെ അനാസ്ഥമൂലം  തകര്‍ന്നു.പെരുമണ്ണൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഉപകേന്ദ്ര കെട്ടിടമാണ് നിലംപൊത്തിയത്. കെട്ടിടം ശോച്യാവസ്ഥയിലായതോടെ ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു. പുതിയ കെട്ടിടം നിര്‍മിച്ച് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പറഞ്ഞ് 25 വര്‍ഷം കടന്നു പോയതല്ലാതെ ഉപകേന്ദ്രവും കെട്ടിടവും ഉണ്ടായില്ല. ഉപകേന്ദ്രം സ്ഥിതിചെയ്തി രുന്ന 25 സെന്റ് സ്ഥലം  കാടു കയറികിടക്കുകയാണ്.കെട്ടിടാവശിഷ്ടങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. പ്രാഥമികാരോഗ്യകേന്ദ്രം പുനരുജ്ജീവിപ്പിക്കണമെന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമാണെങ്കിലും യാഥാര്‍ഥ്യമായിട്ടില്ല.ചികിത്സാകേന്ദ്രം പുനര്‍നിര്‍മിക്കുന്നതിനായി പലതവണ ഫണ്ട് വകയിരുത്തിയിരുന്നു.

എന്നാല്‍ വളര്‍ന്നുനില്‍ക്കുന്ന മരം വെട്ടിമാറ്റുന്നതിനു വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതടക്കമുള്ള തടസങ്ങള്‍ മൂലം കെട്ടിട നിര്‍മാണം സാധ്യമായില്ല.ഇതുമൂലം അനുവദിച്ച ഫണ്ട് പാഴാകുകയും ചെയ്തു.സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പ്രശ്‌നത്തിനു കാരണമായതെന്നും ആരോപണമുയരുന്നുണ്ട്. സ്ഥാപനം പുനരുദ്ധരിക്കാനായാല്‍ നാട്ടുകാരുടെ ചികിത്സാ സൗകര്യം വര്‍ധിക്കും. മുമ്പു പലതവണ ശ്രമിച്ചു നടക്കാതെ പോയതാണെങ്കിലും ജില്ലാ പഞ്ചായത്തിന്റെ ഇപ്പോഴത്തെ നീക്കത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് നാട്ടുകാര്‍.കെട്ടിട നിര്‍മ്മാണത്തിന് ജില്ല പഞ്ചായത്ത് പദ്ധതി തയ്യാറാക്കി ടെണ്ടറും വിളിച്ചിട്ടുണ്ട്. മരംമുറിക്കുന്ന കാര്യത്തിലുളള തീരുമാനം വൈകുന്നത് വീണ്ടും  തിരിച്ചടിയാകുമോയെന്ന ആശങ്കയും  നാട്ടുകാര്‍ക്കുണ്ട്.

Related posts