പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കു യൂണിഫോം പരിഗണിച്ചു കണ്‍സഷന്‍ നല്‍കണമെന്ന് കളക്ടര്‍

alp-buskuttikalആലപ്പുഴ: പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ യൂണിഫോം പരിഗണിച്ച് കണ്‍സഷന്‍ നല്‍കണമെന്ന് കളക്ടര്‍ ആര്‍. ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ തീരുമാനം. ഇവര്‍ക്ക് പ്രത്യേകം കണ്‍സഷന്‍ കാര്‍ഡിന്റെ ആവശ്യമില്ല. ഇതിനു മുകളിലെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കും, ഐടിഐ, പ്രഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ആര്‍ടി ഓഫീസുകളില്‍ നിന്ന് കണ്‍സഷന്‍ കാര്‍ഡ് നല്‍കും. കാര്‍ഡ് ഒന്നിന് അഞ്ചുരൂപ ഈടാക്കാനും യോഗം തീരുമാനിച്ചു. കോഴ്‌സ് പൂര്‍ത്തിയാകുന്ന കാലയളവിലേക്കാണ് കണ്‍സഷന്‍ കാര്‍ഡ് നല്‍കുക.

പ്രൊഫഷണല്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവധിക്കാലത്ത് ക്ലാസുള്ള വിഭാഗക്കാര്‍ക്കും കണ്‍സഷന്‍ നിഷേധിക്കരുതെന്ന് കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. കോഴ്‌സ് പൂര്‍ത്തിയായാലുടന്‍ കാര്‍ഡ് തിരികെ ആര്‍ടിഒയെ ഏല്പ്പിക്കണമെന്നും യോഗം തീരുമാനിച്ചു. വിദ്യാര്‍ഥികളോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറരുതെന്നു ബസ് ഉടമകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.കെഎസ്ആര്‍ടിസി ഓര്‍ഡിനറി, ഓര്‍ഡിനറി ലിമിറ്റഡ്‌സ്റ്റോപ്പ് ബസുകളില്‍ കണ്‍സഷന്‍ ലഭിക്കും.

കൂടാതെ കെഎസ്ആര്‍ടിസിയുടെ ഒരു ബസ് മാത്രം ഓടുന്ന റൂട്ടുകളിലും കണ്‍സഷന്‍ അനുവദിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം മൂന്നുമാസത്തിലൊരിക്കല്‍ കൂടും.യോഗത്തില്‍ ആര്‍ടിഒ എബി ജോണ്‍, ഡെപ്യൂട്ടി കളക്ടര്‍ ഡോ. ഡി. സജിത്ബാബു, ബസുടമ സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

Related posts