ന്യൂയോര്‍ക്ക്: വര്‍ഷങ്ങളായുള്ള ബേബി പൗഡര്‍ ഉപയോഗത്തിലൂടെ കാന്‍സര്‍ പിടിപെട്ടുവെന്ന യുവതിയുടെ പരാതിയില്‍ 70 ദശലക്ഷം യുഎസ് ഡോളര്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി നഷ്ടപരിഹാരമായി നല്‍കണമെന്ന് യുഎസിലെ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. കാലിഫോര്‍ണിയയിലെ മൊഡെസ്‌റ്റൊ സ്വദേശിനി ഡിബോറാ ജിയാനെജിനി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
യുവതിക്കു അണ്ഡാശയ അര്‍ബുധമുണ്ടെന്നു 2012–ല്‍ കണ്ടെത്തിയിരുന്നു. മിസൗറിയിലെ സെന്റ് ലൂയിസ് നഗരത്തിലുള്ള ഉപഭോക്തൃ കോടതിയുടേതാണ് വിധി. എന്നാല്‍ കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നു കമ്പനി വക്താവ് കരോള്‍ ഗുഡ്‌റിച്ച് പ്രതികരിച്ചു. ഈ വര്‍ഷമാദ്യം പരിഗണിച്ച രണ്ടു കേസുകളിലായി 127 ദശലക്ഷം യുഎസ് ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാന്‍ ഇതേ കോടതി കമ്പനിക്കെതിരെ ഉത്തരവിട്ടിരുന്നു. രണ്ടായിരത്തോളം സ്ത്രീകള്‍ കമ്പനിക്കെതിരെ നല്‍കിയ കേസുകളും നിലവിലുണ്ട്.
അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇതാദ്യമായല്ല ആരോഗ്യത്തിനു ഹാനികരമാകുന്ന ഉത്പന്നങ്ങളുടെ പേരില്‍ പഴി കേള്‍ക്കുന്നത്. വിവിധ ആരോഗ്യ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അര്‍ബുദത്തിന് കാരണമാകുന്ന ചില രാസവസ്തുക്കള്‍ തങ്ങളുടെ ഉത്പന്നങ്ങളില്‍ നിന്ന് കമ്പനിക്ക് 2015–ല്‍ പിന്‍വലിക്കേണ്ടി വന്നിരുന്നു.