കോട്ടയം: ഫ്‌ളവേഴ്‌സ് ടിവി രാഷ്ട്രദീപികയുമായി സഹകരിച്ച് കോട്ടയം നാഗമ്പടം മൈതാനത്തു നടത്തിവരുന്ന ഫഌവേഴ്‌സ് എക്‌സ്‌പോയില്‍ മലയാളത്തിന്റെ പൂങ്കുയില്‍ വൈക്കം വിജയലക്ഷ്മിയുടെ ഗാനമേള ഇന്നു വൈകുന്നേരം 6.30നു നടക്കും. വിജയലക്ഷ്മിയോടൊപ്പം സോമദാസ്, അഭിജിത്ത്, അനഘ, ഹരിശങ്കര്‍ എന്നിവരും ഗാനങ്ങള്‍ ആലപിക്കും. നാളെ വൈകുന്നേരം പാലക്കാട് ജനാര്‍ദനന്‍ പുതുശേരിയുടെ നേതൃത്വത്തില്‍ 30ല്‍പ്പരം കലാകാരന്മാര്‍ അണിനിരക്കുന്ന നാടന്‍ പാട്ടും നാടന്‍ കലാരൂപങ്ങളുടെ മിനിയേച്ചറും അരങ്ങേറും.
ഇന്നലെ വൈകുന്നേരം മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഒഎന്‍വി കുറുപ്പിന് ആദരം അര്‍പ്പിക്കുന്ന പരിപാടി നടത്തി. പരിപാടിയോടനുബന്ധിച്ചു ഒഎന്‍വിയുടെ വരികള്‍ പേരക്കുട്ടി അപര്‍ണ രാജീവ് ആലപിച്ചു. കവിയുടെ ഓര്‍മകളിറ്റുവീഴുന്ന ഗാനങ്ങള്‍കൊണ്ട് മുഖരിതമായ ഇന്നലത്തെ സായം സന്ധ്യയില്‍ സെലിന്‍ ജോസ്, ജോബി ജോണ്‍ എന്നിവരും സംഗീതമഴയൊരുക്കി കാണികള്‍ക്ക് ആവേശം പകര്‍ന്നു.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ഫഌവഴ്‌സ് എക്‌സ്‌പോയുടെ സമയം രാവിലെ 11 മുതല്‍ ഒമ്പതു വരെയായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. മേള 13നു അവസാനിക്കും.