സ്വന്തം ലേഖകന്‍
ജന്മസിദ്ധമായ കഴിവുകള്‍ എല്ലാവര്‍ക്കുമുണ്ട്. ചിലര്‍ക്ക് പാടാന്‍, ചിലര്‍ക്ക് ചിത്രം വരയ്ക്കാന്‍, ചിലര്‍ക്ക് അഭിനയിക്കാന്‍, ചിലര്‍ക്ക് എഴുതാന്‍, പ്രസംഗിക്കാന്‍, കളിക്കാന്‍ അങ്ങനെ പല കഴിവുകള്‍. ചിലര്‍ അത് പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച് അംഗീകാരങ്ങളും വിജയങ്ങളും നേടുന്നു. എന്നാല്‍ പലവിധത്തിലുള്ള കഴിവുകള്‍ ഉണ്ടായിട്ടും അത് പ്രകടിപ്പിക്കാന്‍, സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടാത്തതുമൂലം അറിയപ്പെടാതെ പോകുന്നവരാണ് കൂടുതലും. കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും അംഗീകാരം നേടാനും അവസരം നല്‍കുന്ന വേദികള്‍ അവര്‍ക്കു കുറവുമായിരിക്കും. അഥവാ ഉണ്ടെങ്കില്‍ തന്നെ എല്ലാവര്‍ക്കും അതിനുള്ള അവസരം ലഭിക്കാറില്ല.
നവ മാധ്യമങ്ങളായ ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും തങ്ങളുടെ കഴിവുകള്‍ പുറംലോകത്തെ അറിയിച്ച് പ്രശസ്തരായവര്‍ നിരവധിയാണ്. എന്നാല്‍ ഇവരില്‍ തന്നെ ശ്രദ്ധിക്കപ്പെടാതെ പോയവരുമുണ്ട്. ഇവര്‍ക്ക് തങ്ങളുടെ കഴിവുകളെക്കുറിച്ച് പറയാനും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും സാധിക്കുന്ന ഒരു സ്ഥലമാണ് ഫിലിം ബി ക്ലബ്. സമൂഹ മാധ്യമങ്ങളുടെ ഇക്കാലത്ത് വെറും പത്താം ക്ലാസുകാരനായ ഒരു മലയാളിയുടെ ആശയത്തില്‍ പിറന്ന ഒരു സമൂഹ മാധ്യമമാണ് ഫിലിം ബി ക്ലബ്.
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി എ.ഷിനോജ് ആണ് ഇത്തരം ഒരു ആശയത്തിന് പിന്നില്‍. മലയാളികള്‍ക്ക് സ്വന്തമായി ഒരു സാമൂഹിക മാധ്യമം എന്ന ലക്ഷ്യത്തോടൊപ്പം സ്വന്തം കഴിവുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വേദികൂടിയാണ് ഫിലിം ബി ക്ലബ് എന്ന സാമൂഹിക മാധ്യമം. ഫേസ്ബുക്കും ട്വിറ്ററുംപോലെ മറ്റുള്ളവരുമായി ആശയങ്ങള്‍ പങ്കുവയ്ക്കാനും സംവദിക്കാനും ഫിലിം ബി ക്ലബിലൂടെ സാധിക്കും. ചാറ്റ് ചെയ്യാനുള്ള സൗകര്യവും തന്റെ സമൂഹമാധ്യമത്തില്‍ ഷിനോജ് ഒരുക്കിയിരിക്കുന്നു.
ചിത്ര രചന, കഥാരചന, സംഗീതം, മിമിക്രി, നൃത്തം, അഭിനയം തുടങ്ങിയ കഴിവുകള്‍ ഉള്ളവര്‍ക്ക് ഈ കൂട്ടായ്മയുടെ ഭാഗമാകാം.അഭിനയിക്കാനും പാടാനും കഥയെഴുതാനും അറിയാവുന്നവര്‍ക്ക് ഷോര്‍ട്ട് ഫിലിം, ആല്‍ബം എന്നിവ നിര്‍മിക്കാനുള്ള അവസരം ഉണ്ട്്. ഇപ്പോള്‍ തന്നെ ഈ കൂട്ടായ്മയില്‍ നിന്നും രണ്ട് ഷോര്‍ട്ട് ഫിലിം ഉണ്ടായിക്കഴിഞ്ഞു. ഇതില്‍ സംവിധാനം ഛായാഗ്രഹണം , അഭിനയം, ഗാനരചന തുടങ്ങി എഡിറ്റിങ്ങും ഡബ്ബിംഗും വരെ നിര്‍വഹിച്ചിട്ടുള്ളത് കേരളത്തിലെ പല ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. അവരെല്ലാം ഈ കൂട്ടായ്മയിലൂടെ പരിചയപ്പെട്ടവര്‍ തന്നെ. കൂടാതെ ഫിലിം ബി ക്ലബിലെ എഴുത്തില്‍ താത്പര്യമുള്ളവരുടെ രചനകള്‍ പ്രസിദ്ധീകരിക്കാനും ഷിനോജിന് പദ്ധതിയുണ്ട്.
പത്താം ക്ലാസ് കഴിഞ്ഞ് വിദ്യാഭ്യാസം തുടരാനുള്ള അവസ്ഥയില്ലാത്തതിനാല്‍ മൈസൂരിലേക്ക് വണ്ടികയറിയ ഷിനോജ് അവിടെ ബേക്കറികളിലും മറ്റും ജോലി ചെയ്തു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെത്തിയ ഷിനോജിന് കമ്പ്യൂട്ടര്‍ പഠിക്കാനുള്ള അവസരം കിട്ടിയതോടെയാണ് സോഷ്യല്‍ മീഡിയയെക്കുറിച്ച് അറിയാന്‍ തുടങ്ങിയത്. ഈ ആകാംക്ഷയാണ് ഫിലിം ബി ക്ലബ് എന്ന മാധ്യമത്തിന്റെ സൃഷ്ടിയിലേക്കെത്തിയത്്.
ചെറുപ്പം മുതല്‍ എഴുത്തില്‍ താത്പര്യമുണ്ടായിരുന്നെങ്കിലും ഒന്നും പ്രസിദ്ധീകരിക്കാനോ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനോ അവസരം കിട്ടിയിരുന്നില്ല. അതാണ് ഫിലം ബി ക്ലബിന് ഇത്തരത്തിലുള്ള ഒരു വേദിയായി മാറ്റാനുള്ള കാരണമെന്ന് ഷിനോജ് പറയുന്നു. സ്വന്തം ആശയം സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വികസിപ്പിച്ചെടുക്കുകയായിരുന്നു ഷിനോജ്. ഇത്തരത്തില്‍ സ്വീകാര്യത കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും കഴിവുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്തവര്‍ക്ക് ഒരു വേദിയായി മാറുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്ന് ഷിനോജ്് പറയുന്നു.
1600 നടുത്ത് അംഗങ്ങളുണ്ട് ഫിലിം ബി ക്ലബില്‍. എല്ലാവരും തങ്ങളുടേതായ കഴിവുകള്‍ അറിയിക്കാനുള്ള വേദിയായി ഫിലിം ബി ക്ലബിനെ ഉപയോഗിക്കുന്നു. ഇത്തരം ഒരു സൗകര്യമാണ് ഫിലിം ബി ക്ലബിനെ വ്യത്യസ്തമാക്കുന്നതും. കേരളത്തിന്റെ ഫേസ്ബുക്ക് എന്ന് വിളിക്കാന്‍ സാധിക്കുന്ന ഈ മാധ്യമത്തില്‍ കലാകാരന്മാര്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കാം. ഉടന്‍ തന്നെ ഇതിന്റെ മൊബൈല്‍ ആപ്പും വികസിപ്പിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ഷിനോജ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഷിനോജിന്റെ പ്രവര്‍ത്തനം കണ്ട് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പന്ദന എന്റര്‍ടെയിന്‍മെന്റ് എന്ന സ്ഥാപനമാണ് ഫിലിം ബി ക്ലബിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വിസിപ്പിക്കുന്നതിനുള്ള കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യുന്നത്. രണ്ടു മാസത്തിനുള്ളില്‍ ഫിലിം ബി ക്ലബിന്റെ മൊബൈല്‍ ആപ്ലിക്കേഷനും പ്രവര്‍ത്തനസജ്ജമാകും.
എറണാകുളത്ത് ഒരു ആയുര്‍വേദ ഫാര്‍മസിയില്‍ ജോലി ചെയുകയാണ് ഷിനോജ് ഇപ്പോള്‍. ജോലിത്തിരക്കിനിടയിലും ഫിലിം ബി ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തുന്നു ഷിനോജ്്. ഭാര്യ ധന്യ ഷിനോജിന് എല്ലാ പിന്തുണയുമായി കൂടെയുണ്ട്. ശശി തരൂരിനെ പോലുള്ള പ്രമുഖര്‍ ഫിലിം ബി ക്ലബിന്റെ പ്രവര്‍ത്തനം കണ്ട് ഷിനോജിനെ അഭിനന്ദിച്ചിരുന്നു. ഇത്തരത്തിലുള്ള അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്ന കരുത്താണ് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമെന്ന് ഷിനോജ് പറഞ്ഞുവയ്ക്കുന്നു.