ഫേസ്ബുക്ക് പ്രണയങ്ങള്‍ക്ക് യാതൊരു പഞ്ഞവനുമില്ലാത്ത കാലമാണ് ഇത്. കഴിഞ്ഞദിവസവും ഇങ്ങനെയൊരു ഫേസ്ബുക്ക് പ്രണയത്തിനും ഒളിച്ചോട്ടത്തിനും തലസ്ഥാനം സാക്ഷ്യം വഹിച്ചു. കഥാനായിക അങ്ങ് മമതാ ബാനര്‍ജിയുടെ പശ്ചിമ ബംഗാളില്‍ നിന്നുള്ളതാണ്. നായകന്‍ (വില്ലനും) ഇങ്ങ് തലസ്ഥാനത്ത് വട്ടിയൂര്‍ക്കാവിലും. ഫേസ്ബുക്കിലൂടെയുള്ള പ്രണയലഹരി പോരാഞ്ഞ് നായിക നേരെ ട്രെയിന്‍ കയറി. അങ്ങ് ബംഗാളിലെ ഹുബ്ലിയില്‍ നല്ലൊരു ഭര്‍ത്താവും ഏഴു വയസുള്ള പെണ്‍കുട്ടിയും ഇവര്‍ക്കുണ്ട്. ഒരിക്കലും കണ്ടിട്ടില്ലാത്ത എഫ്ബി കാമുകന്റെ മധുരമൂറുന്ന വാക്കു കേട്ടാണ് കേരളത്തിലേക്ക് വച്ചുപിടിപ്പിച്ചത്.
തലസ്ഥാനത്തെത്തി ഭര്‍ത്താവിനെ തെരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. ഫേസ്ബുക്കിലും രക്ഷയില്ല. എന്തു ചെയ്യുമെന്നന്വേഷിച്ച് പോലീസ് കണ്‍ട്രോള്‍ റൂമിലെ വനിതാ ഹെല്‍പ്‌ലൈന്‍ സെല്ലിലെത്തിയതോടെയാണ് കഥയാകെ മാറുന്നത്. കഥാനായകനെ തപ്പി പോലീസ് നെട്ടോട്ടമായി. ഒടുവില്‍ ആളെക്കുറിച്ച് വിവരം കിട്ടി. പല തട്ടിപ്പു കേസുകളിലും പിടിയിലായിട്ടുള്ള ഇയാള്‍ ഇപ്പോള്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. ഇയാളുടെ സ്ഥിരം പണിയാണത്രേ പെണ്‍പിള്ളേരേ സോഷ്യല്‍മീഡിയ വഴി വലയിലാക്കുന്നത്. എന്തായാലും കഥാനായിക കരഞ്ഞു മടുത്തു നാട്ടിലേക്കു ട്രെയിന്‍ കയറിയിട്ടുണ്ട്. ഇനി എന്താകുമെന്ന് കണ്ടറിയാം.