സുവോണ്‍ (ദക്ഷിണ കൊറിയ): സാംസംഗിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലക്‌സി നോട്ട് 7ന്റെ വില്പന മരവിപ്പിച്ചു. ഇതുവരെ വിപണിയിലെത്തിയ ഫോണുകളെല്ലാം തിരിച്ചുവിളിച്ചു. എണ്ണം എത്രയെന്നു വ്യക്തമല്ല. ചാര്‍ജ് ചെയ്യുമ്പോള്‍ പൊട്ടിത്തെറിക്കുന്നു എന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് ഫോണുകള്‍ തിരിച്ചുവിളിച്ചത്.
ബാറ്ററിയുടെ തകരാറാവാം ഫോണുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. സാംസംഗിന്റെ സഹോദരസ്ഥാപനമായ സാംസംഗ് എസ്ഡിഐ ആണ് നോട്ട് 7നു വേണ്ടി ബാറ്ററി നിര്‍മിച്ചത്. കമ്പനിക്കു തന്നെയായിരിക്കും ഇതിന്റെ ഉത്തരവാദിത്തമെന്നും സാംസംഗ് അറിയിച്ചു.
ദക്ഷിണാഫ്രിക്കയില്‍നിന്നാണ് നോട്ട് 7ന്റെ ആദ്യ പൊട്ടിത്തെറി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ലോകവ്യാപകമായി 35 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സാംസംഗ് നോട്ട് 7 ഉപയോഗിക്കുന്നവര്‍ തങ്ങളുടെ ഫോണ്‍ എത്രയും വേഗം സ്റ്റോറില്‍ എത്തിച്ച് ഫോണ്‍ മാറി വാങ്ങണമെന്നാണ് കമ്പനി നല്കുന്ന നിര്‍ദേശം. പകരം ഫോണുകള്‍ അധികം വൈകാതെതന്നെ ഉപയോക്താക്കള്‍ക്ക് എത്തിച്ചു നല്കും. കഴിഞ്ഞ മാസമാണ് നോട്ട് 7 ലോകവ്യാപകമായി വിപണിയിലെത്തിയത്. മൊത്തം 25 ലക്ഷം ഫോണുകളാണ് കമ്പനി നിര്‍മിച്ചത്.