വൈപ്പിന്‍: ഫോര്‍ട്ട് കൊച്ചി-വൈപ്പിന്‍ ഫെറി ബോട്ട് ദുരന്തം നടന്നിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. 2015 ഓഗസ്റ്റ് 26ന് പകല്‍ 1.20 നാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. 11 വിലപ്പെട്ട ജീവനുകളാണു ദുരന്തത്തില്‍ നഷ്ടപ്പെട്ടത്. നാലുപതിറ്റാണ്ടോളം പഴക്കമുള്ള എംവി ഭാരത് എന്ന തടിനിര്‍മ്മിത ഫെറി ബോട്ടില്‍ ബസലേല്‍ എന്ന ഇരുമ്പ് നിര്‍മ്മിതമായ മത്സ്യബന്ധനം വള്ളം വന്നിടിക്കുകയായിരുന്നു. വൈപ്പിനില്‍ നിന്നും 1.15 നു പുറപ്പെട്ട ഫെറി ഫോര്‍ട്ട് കൊച്ചി കമാലക്കടവ് ജെട്ടിയില്‍ അടുക്കാന്‍ 15 മീറ്റര്‍ ദൂരം കൂടി ബാക്കിയുള്ളപ്പോഴാണ് ദുരന്തം സംഭവിച്ചത്.
ബോട്ടിന്റെ പിന്നില്‍ വള്ളം വന്നിടിച്ചതോടെ ബോട്ട് രണ്ടായി പിളര്‍ന്നു കായലില്‍ മുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്നവരും മത്സ്യതൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയതോടെ 34 ജീവനുകളാണു മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്കു തിരികെയെത്തിയത്. എന്നാല്‍ 11 പേര് മരണത്തിന്റെ കാണാകയങ്ങളിലേക്ക് ഊളിയിട്ടു. മൊത്തം 45 പേരാണ് ബോട്ടിലുണ്ടായിരുന്നത്. തുറമുഖത്ത് ജലയാനങ്ങളുടെ സുരക്ഷിതമായ യാത്രക്കും ജനങ്ങളുടെ സുരക്ഷക്കും ബന്ധപ്പെട്ട അധികാരികള്‍ തുടര്‍ന്നു വന്ന അനാസ്ഥയുടെ പരിണിതഫലമായിരുന്നു ഈ ദുരന്തം.
ഇപ്പോഴും അപകട സര്‍വീസ്
എംവി ഭാരത് കൂടാതെ എംവി ഹര്‍ഷ എന്നീ രണ്ടു ബോട്ടുകളാണ് ഫോര്‍ട്ട് കൊച്ചി-വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. കോര്‍പ്പറേഷനുകീഴിലുള്ള ഫെറി സ്വകാര്യ കമ്പനിക്കാര്‍ക്ക് ലേലത്തില്‍ നല്‍കിയാണ് നടത്തിപ്പ്. എന്നാല്‍ ഏറെ മുറവിളി ഉയര്‍ന്നിട്ടും ഫെറി സര്‍വീസ് തുടര്‍ച്ചയായി കരാര്‍ എടുക്കുന്ന കൊച്ചിന് സര്‍വീസ് എന്ന കരാര്‍ കമ്പനിയാകട്ടെ കാലപഹരണപ്പട്ട ബോട്ട് മാറ്റാന്‍ കൂട്ടാക്കിയില്ല. ഇതാണ് ദുരന്തത്തിനു ഇത്രയും വലിയ ആള്നാശമുണ്ടാകാന് കാരണമെന്ന് വൈപ്പിന്‍-ഫോര്‍ട്ട് കൊച്ചി പാസഞ്ചേഴ്സ് അസോസിയേഷന് ആരോപിക്കുന്നു. കായലില്‍ ഒരു മഹാദുരന്തം കണ്ടിട്ടും കാലപഹരണപ്പെട്ട ജങ്കാറുകളുമായി നഗരസഭയുടെ ഒത്താശയോടെ ഇപ്പോഴും ഈ സ്വകാര്യ കരാറുകാരന് വൈപ്പിന്‍- ഫോര്‍ട്ടുകൊച്ചി റൂട്ടില്‍ ജങ്കാര്‍ സര്‍വ്വീസ് നടത്തി വരുകയാണെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടി.
ഇന്‍ഷുറന്‍സ് തുകയ്ക്കായി പോരാട്ടം തുടരുന്നു
ദുരന്തത്തെ തുടര്‍ന്നു മരിച്ചവരുടെ കുടുംബത്തിനു സര്‍ക്കാര്‍ നല്കിയ അഞ്ചുലക്ഷവും നഗരസഭ നല്കിയ രണ്ടുലക്ഷവും രൂപയുമൊഴിച്ചാല് ഇന്‍ഷുറന്‍സ് തുക ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനുള്ള നിയമ പോരാട്ടത്തിലാണു മരിച്ചവരുടെ ബന്ധുക്കള്‍. ഗുരുതരമായി പരിക്കേറ്റ ചിലര്‍ക്കു ഒരുലക്ഷം രൂപ ചികിത്സാ സഹായം ലഭിച്ചെങ്കിലും ഇതുവരെ സഹയം ലഭിക്കാത്ത 20 ഓളം പേര് ഇതിനായി പരാതികള്‍ നല്കി കഴിഞ്ഞ ഒരുവര്‍ഷമായി കാത്തിരിക്കുകയാണ്. മാത്രമല്ല കരാറുകാരനെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടു ജനപ്രതിനിധികളും ചില സംഘടനകളും സമരം നടത്തിയെങ്കിലും ഇതും കെട്ടടങ്ങി.
പാപ്പിയെത്തിയിട്ടും ഹാപ്പിയായില്ല
കുറച്ചു ദിവസത്തേക്കു ഫെറി സര്‍വീസ് നിര്‍ത്തിവച്ചതിനു ശേഷം ആലപ്പുഴയില്‍ നിന്നും കോര്പ്പറേഷന് വാടകക്കെടുത്ത പാപ്പി എന്ന ഒരു ബാര്‍ജ്ജ് കൊച്ചിയിലെത്തിച്ചു രൂപമാറ്റം വരുത്തി ഫെറി സര്‍വ്വീസ് ആരംഭിച്ചെങ്കിലും പ്രശ്നങ്ങളുടെ നടുവില്‍ പാപ്പിക്കും ശോഭിക്കാനായില്ല. സാങ്കേതികപ്രശ്നങ്ങളും മറ്റുമായി ഏറെ നാള് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച പാപ്പി ഇപ്പോഴും വലിയ ഹാപ്പിയല്ലാതെയാണ് സര്‍വീസ് തുടരുന്നതെന്നാണു വാസ്തവം. പാപ്പിയില്‍ വിശ്വാസമില്ലാതെ വന്നതോടെ യാത്രക്കാര്‍ കൂടുതലായും ജങ്കാറിനെ ആശ്രയിച്ചാണ് ഇപ്പോള്‍ അക്കരെയിക്കരെ യാത്ര ചെയ്യുന്നത്. എന്നാല്‍ ജങ്കാറും വലിയ സുരക്ഷിതമായ സര്വീസല്ലെന്നാണ് യാത്രക്കാരുടെ അഭിപ്രായം. കാലപഹരണപ്പെട്ട ജങ്കാറുകളാണ് ഇപ്പോഴും സര്‍വീസിനുള്ളത്. ഇതു പലപ്പോഴും എന്ജിന് നിലച്ചു കായലില്‍ ഒഴുകുന്ന പതിവു മുടങ്ങാറില്ല.
കൊച്ചി കായലിലെ സുരക്ഷ നടപടികള്‍ ഇപ്പോഴും അപൂര്‍ണം
ഫെറി ദുരന്തത്തിന്റെ പാശ്ചാത്തലത്തില്‍ കൊച്ചി കായലുകളിലെ ഫെറി സര്‍വീസുകളുടേയും ടൂറിസ്റ്റ് ബോട്ടുകളുടേയും സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനങ്ങള്‍ ഉണ്ടായെങ്കിലും ഇവയൊന്നും പൂര്‍ണമായി നടപ്പിലായില്ല. ഇവയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇപ്പോഴും ജലയാനങ്ങളുടെ സര്‍വീസെന്ന ആക്ഷേപവും ശക്തമാണ്. ടൂറിസ്റ്റ് ബോട്ടുകള്‍ക്കും മത്സ്യബന്ധന യാനങ്ങള്‍ക്കും ഫെറിബോട്ടുകള്ക്കുള്ളതുപോലെ നിശ്ചിത റൂട്ട് ഏര്‍പ്പെടുത്തി അപകടസാധ്യത കുറയ്ക്കാനും ചില മേഖലകളില്‍ നിന്നും നിര്‍ദ്ദേശം വന്നെങ്കിലും ഇതും പ്രാവര്‍ത്തികമായില്ല. കാലപഹരണപ്പെട്ട ബോട്ടുകള്‍ക്ക് യാതൊരു കാരണവശാലും ഫിറ്റ്നസ് അനുവദിക്കരുതെന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്ക്കു കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും കേരള പോര്‍ട്ട് അധികൃതര്‍ കാര്യമായി ഗൗനിച്ചില്ല. ഇതിനാല്‍ ഇപ്പോഴും കൊച്ചി കായലില്‍ സര്‍വീസ് നടത്തുന്ന പല ബോട്ടുകളിലും ആവശ്യത്തിനു ലൈഫ് ബോയകളോ, ലൈഫ് ജാക്കറ്റുകളോ ഇല്ല.
പ്രതീക്ഷ ഇനി റോ-റോ ജങ്കാറില്‍
എല്ലാവരുടേയും പ്രതീക്ഷ ഇനി റോ-റോ ജങ്കാറുകളിലാണ്. യാതൊരു ഭയാശങ്കകളുമില്ലാതെ യാത്ര ചെയ്യാന്‍ പറ്റുന്ന ഈ സര്‍വീസ് അടുത്ത മാര്‍ച്ച് മാസത്തിനു മുമ്പു യാഥാര്‍ഥ്യമാകുമെന്നാണു കോര്പ്പറേഷന് അധികൃതര്‍ പറയുന്നത്. ജങ്കാറിന്റെ പണികള്‍ കൊച്ചി കപ്പല്‍ ശാലയില്‍ തുടരുമ്പോള്‍ ഒപ്പം തന്നെ രണ്ടു കരകളിലും പുതിയ ജങ്കാര്‍ ജെട്ടി നിര്‍മ്മാണവും നടന്നു വരുകയാണ്. മാത്രമല്ല ഈ റൂട്ടില്‍ സര്‍വീസിനിറക്കാനുള്ള പുതിയ ബോട്ട് കിന്‍കോയുടെ യാര്‍ഡിലും നിര്‍മ്മാണം നടക്കുന്നുണ്ട്. ഇതിനിടെ നിരുത്തരവാദിത്തത്തോടെ സര്‍വീസ് നടത്തിയ പഴയ കരാറുകാരന് പുതിയ റോ-റോ സര്‍വീസിന്റേയും ബോട്ടിന്റേയും സര്‍വീസുകള്‍ കരാറു ലഭിക്കാന്‍ ചരടുവലികള്‍ നടത്തുന്നുണ്ടെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് കരാര്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ട് അസോസിയേഷന് മുന്‍കൂട്ടി കോര്‍പ്പറേഷനു നിവേദനവും നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഫ്രാന്‍സീസ് ചമ്മിണി അറിയിച്ചു.