ഇറ്റാലിയന്‍ ഭൂകമ്പത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി, തലമുണ്ടിലൂടെ രക്തം ഒലിച്ചിറങ്ങി ആശ്രയത്തിനായി കാത്തിരിക്കുന്ന സിസ്റ്റര്‍ ലീഷിയുടെ ചിത്രം വൈറലാകുന്നു

aaaഇറ്റാലിയന്‍ ഭൂകമ്പത്തിന്റെ ജീവിക്കുന്ന മുഖമായിരിക്കുകയാണ് മുപ്പത്തഞ്ചുകാരിയായ സിസ്റ്റര്‍ മരിയാന ലീഷി. തലമുണ്ടിലൂടെ രക്തം ഒലിച്ചിറങ്ങി ആശ്രയത്തിനായി കാത്തിരിക്കുന്ന സിസ്റ്റര്‍ ലീഷിയുടെ ചിത്രം ലോകപ്രശസ്തമായിരിക്കുന്നു. ഭൂകമ്പത്തില്‍ മഠം തകര്‍ന്നുവീണ് അതിനുള്ളില്‍ അകപ്പെട്ടുപോയതിനെക്കുറിച്ച് വിവരിക്കുമ്പോള്‍ സിസ്റ്ററിന്റെ കണ്ണുകള്‍ ഇപ്പോഴും ഈറനണിയുന്നു. താന്‍ ജീവനോടെയുണ്ടെന്നും രക്ഷപ്പെടാന്‍ വഴിയില്ലെന്നും തന്റെ ആത്മാവിനുവേണ്ടി പ്രാര്‍ഥിക്കണമെന്നും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍കിടന്ന് സിസ്റ്റര്‍ സുഹൃത്തുക്കളോടു മൊബൈല്‍ മെസേജുകളിലൂടെ അഭ്യര്‍ഥിച്ചു.

എന്നാല്‍, ദൈവദൂതനെപ്പോലെ ഒരാള്‍ എത്തി തന്നെ രക്ഷിച്ചതായി സിസ്റ്റര്‍ പറഞ്ഞു. ഇനി ഒരാഗ്രഹം മാത്രം. സെപ്റ്റംബര്‍ നാലിനു റോമില്‍  മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംബന്ധിക്കണം: തന്റെ അദ്ഭുതകരമായ രക്ഷപ്പെടലിനെക്കുറിച്ചു നടത്തിയ ഒരു അഭിമുഖത്തില്‍ സിസ്റ്റര്‍ ലീഷി പറഞ്ഞു. അല്‍ബേനിയന്‍ സ്വദേശിയായ സിസ്റ്റര്‍ ലീഷി, ഡോണ്‍ മിനോസി കോണ്‍വെന്റില്‍ വൃദ്ധസ്ത്രീകളെ ശുശ്രൂഷിക്കുന്നവര്‍ക്കൊപ്പമാണ്. ലീഷി അടക്കം ഏഴ് കന്യാസ്ത്രീകളാണു മഠത്തിലുണ്ടായിരുന്നത്. പുലര്‍ച്ചെ 3.36ഓടെയായിരുന്നു ഭൂകമ്പം.

വന്‍ശബ്ദവും പൊടിപടലങ്ങളുംകാരണം ഉറക്കമുണര്‍ന്നെങ്കിലും എന്താണു സംഭവിക്കുന്നതെന്നു മനസിലായില്ല. സഹായത്തിനായി അഭ്യര്‍ഥിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പുറത്തുകടക്കാന്‍ സാധിക്കില്ലെന്നു മനസിലായതോടെ തന്റെ അവസ്ഥ അറിയിച്ച് സുഹൃത്തുക്കള്‍ക്ക് സന്ദേശം അയയ്ക്കാന്‍ തുടങ്ങി. എന്നാല്‍, വീട്ടിലേക്കു സന്ദേശം അയച്ചില്ല. കാരണം വാര്‍ത്ത അറിഞ്ഞ് അച്ഛന് എന്തെങ്കിലും സംഭവിക്കുമോയെന്നു ഭയന്നു. മരണം മുന്നില്‍ക്കണ്ട് കഴിയവേ സിസ്റ്റര്‍ മരിയാന എന്ന വിളികേട്ടു. തുടര്‍ന്ന് തന്റെ ജീവന്‍ രക്ഷിക്കാനെത്തിയ ദൈവദൂതന്റെ കൈപിടിച്ച് കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലൂടെ പുറത്തേക്ക്.

പ്രായമായ ഒരു സ്ത്രീയെ ശുശ്രൂഷിക്കാനെത്തിയ യുവാവാണു തന്നെയും രക്ഷപ്പെടുത്തിയത്. അവിടുന്നു പുറത്തുകടന്നശേഷം താന്‍ രക്ഷപ്പെട്ട വിവരം സുഹൃത്തുക്കളെ സന്ദേശങ്ങളിലൂടെ അറിയിച്ചു: സിസ്റ്റര്‍ ലീഷി പറഞ്ഞു നിര്‍ത്തി. രക്തം ഒലിച്ചിറങ്ങിയ മുഖവുമായി നിലത്ത് ഇരുന്ന് മൊബൈലില്‍  സന്ദേശം അയയ്ക്കുന്ന സിസ്റ്റര്‍ ലീഷിയുടെ ചിത്രം അന്‍സാ വാര്‍ത്താ ഏജന്‍സി ഫോട്ടോഗ്രാഫറാണ് എടുത്തത്.

Related posts