ഫ്രഞ്ച് ഓപ്പണില്‍ ജോക്കോ മുത്തം

sp-jokkoപാരീസ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനു സ്വപ്ന സാഫല്യം. നാലു പ്രാവശ്യം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ ഒടുവില്‍ ജോക്കോ മുത്തമിട്ടു. ബ്രിട്ടന്റെ ആന്‍ഡി മുറെയെ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ച് സെര്‍ബ് താരം തന്റെ കന്നി ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി. സ്‌കോര്‍: 3-6, 6-1, 6-2, 6-4

ഇതോടെ ജോക്കോവിച്ച് കരിയര്‍ സ്‌ലാമും തികച്ചു. ജോക്കോവിച്ചിന്റെ നാലാം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലായിരുന്നു ഇത്. 2013ല്‍ ഒഴികെ കഴിഞ്ഞ മൂന്നു ഫൈനലുകളിലും ജോക്കോവിച്ച് ഉണ്ടായിരുന്നു. 2012ലെ ഫൈനലില്‍ റഫേല്‍ നദാലിനോടു തോറ്റു. 2014ലും നദാലിന്റെ മുന്നില്‍ കീഴടങ്ങി. 2015ലെ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നദാലിനെ തകര്‍ത്ത് ഫൈനലിലേക്കു മുന്നേറി ജോക്കോവിച്ച് മുന്നേറി. എന്നാല്‍, അവിടെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയ്ക്കു മുന്നില്‍ വീണു. കിട്ടാക്കനിയായി തുടര്‍ന്ന ഫ്രഞ്ച് ഓപ്പണ്‍ കൈപ്പിടിയിലൊതുക്കി കരിയര്‍ സ്‌ലാം നേട്ടത്തിലെത്തിയ ജോക്കോവിച്ച് റോളംഗ് ഗാരോസില്‍ തലയുയര്‍ത്തിനിന്നു, വിശ്വജേതാവായി…

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആറു പ്രാവശ്യവും വിംബിള്‍ഡണ്‍ മൂന്നും യുഎസ് ഓപ്പണ്‍ രണ്ടും തവണ ജോക്കോവിച്ച് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ടോസ് നേടിയ മുറെ സര്‍വീസ് ആരംഭിച്ചു. മനോഹരമായ ഡ്രോപ്പ് ഷോട്ടിലൂടെ മുറെ മുന്നേറാന്‍ ശ്രമിച്ചെങ്കിലും ബ്രേക്ക് പോയിന്റ് നേടി ജോക്കോവിച്ച് മുന്നില്‍ കടന്നു. എന്നാല്‍, പൊരുതിക്കയറിയ മുറെ 4-1 ന്റെ ലീഡ് സ്വന്തമാക്കി. തുടര്‍ന്ന് 6-3നു സെറ്റും. 48 മിനിറ്റ് നീണ്ട ആദ്യ സെറ്റില്‍ നാല് എയ്‌സ് മുറെ പായിച്ചു. ആറ് അണ്‍ഫോഴ്‌സ്ഡ് എററുകള്‍മാത്രമാണ് മുറെ വരുത്തിയത്, ജോക്കോവിച്ച് 13ഉം.

രണ്ടാം സെറ്റില്‍ ജോക്കോവിച്ചിന്റെ പോയിന്റ് നേട്ടത്തോടെയാണ് റോളന്‍ ഗാരോസ് അലകടലായത്. 3-0നു മുന്നിട്ടുനിന്നശേഷമാണ് ജോക്കോവിച്ച് ആദ്യ പോയിന്റ് വഴങ്ങിയത്. തുടര്‍ന്ന് മൂന്നു പോയിന്റ്കൂടി സ്വന്തമാക്കി 6-1ന് സെറ്റ് സ്വന്തമാക്കി. 36 മിനിറ്റ്മാത്രം നീണ്ട രണ്ടാം സെറ്റില്‍ മുറെ ഒരു എയ്‌സ് പായിച്ചു.

രണ്ടാം സെറ്റ് നിര്‍ത്തിയിടത്തുനിന്നാണ് ജോക്കോവിച്ച് മൂന്നാം സെറ്റ് ആരംഭിച്ചത്. ബാക്ക്ഹാന്‍ഡ്, ഡബിള്‍ബാക്ക്ഹാന്‍ഡ്, ഫോര്‍ഹാന്‍ഡ് ആക്രമണം അഴിച്ചുവിട്ട ജോക്കോവിച്ച് കളം നിറഞ്ഞു. അതോടെ 1-1ല്‍നിന്ന് 6-2 ഓടെ സെറ്റും ലീഡും സെര്‍ബ് താരം സ്വന്തമാക്കി. ആദ്യ രണ്ട് സെറ്റിലും എയ്‌സ് പായിച്ച മുറെ മൂന്നാം സെറ്റില്‍ നിശബ്ദനായപ്പോള്‍ ജോക്കോവിച്ചിന്റെ റാക്കറ്റില്‍നിന്ന് രണ്ട് എയ്‌സുകള്‍ പാഞ്ഞു.

നിര്‍ണായകമായ നാലാം സെറ്റിലും ജോക്കോവിച്ച് ആധിപത്യം തുടര്‍ന്നു. നിര്‍ണായകമായ നാലാം സെറ്റിലും ജോക്കോവിച്ച് ആധിപത്യം തുടര്‍ന്നു. തുടക്കം മുതല്‍ മുന്നേറിയ ജോക്കോവിച്ച് 6-4ന് സെറ്റും കിരീടവും സ്വന്തമാക്കി.മത്സരത്തിലുടനീളം നാല് എയ്‌സുകള്‍ ജോക്കോവിച്ച് പായിച്ചപ്പോള്‍ മുറെയുടെ റാക്കറ്റില്‍നിന്ന് അഞ്ചെണ്ണം പിറന്നു. ഡബിള്‍ ഫാള്‍ട്ട് ഇരുവരും രണ്ടു തവണ വീതം വരുത്തി. ജോക്കോവിച്ച് 37 അണ്‍ഫോഴ്‌സ്ഡ് എറര്‍ വരുത്തിയപ്പോള്‍ മുറെ 39 എണ്ണം വരുത്തി.

അവസാനദിനം ഫ്രഞ്ച് സന്തോഷം

ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം കരോളിന ഗാര്‍സിയ, ക്രിസ്റ്റീന മല്‍ഡെനോവിക് സഖ്യത്തിന്. റഷ്യയുടെ എക്‌തെറിന മകറോവ-എലേന വെസ്‌നിന കൂട്ടുകെട്ടിനെയാണ് ഫ്രഞ്ച് സഖ്യം കീഴടക്കിയത്. സ്‌കോര്‍: 6-3, 2-6, 6-4.

Related posts