ഫ്‌ളാറ്റിലെ കൊല: പ്രതികളെ രക്ഷിക്കാന്‍ സഹായിച്ച സഹകരണ ബാങ്ക് പ്രസിഡന്റ് അറസ്റ്റില്‍

Arrestതൃശൂര്‍: ഫഌറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സഹായിച്ച ബാങ്ക് പ്രസിഡന്റ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവും കേസിലെ മുഖ്യപ്രതിയുമായ റഷീദിന്‍െറ അടുത്ത സുഹൃത്തും ആലുവയിലെ തിരുകൊച്ചി സഹകരണ ബാങ്ക് പ്രസിഡന്റുമായ ആലുവ അക്കരോട്ട് വീട്ടില്‍ സുനിലി(40)നെയാണ് വെസ്റ്റ് സിഐ വി.കെ. രാജുവിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റു ചെയ്തത്.

ഈ മാസം മൂന്നിനാണ് റഷീദ്, കാമുകി ശാശ്വതി, കൃഷ്ണപ്രസാദ് എന്നിവര്‍ ചേര്‍ന്ന് സതീശന്‍ എന്ന യുവാവിനെ മര്‍ദിച്ചുകൊലപ്പെടുത്തിയത്. കേസില്‍ ശാശ്വതിയും കൃഷ്ണപ്രസാദുമുള്‍പ്പെടെ നാലുപേരെ പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. റഷീദ് ഒളിവിലാണ്.

കൃത്യത്തിനുശേഷം കാര്‍ ഒളിപ്പിക്കാനും സാമ്പത്തിക സഹായത്തിനുമായി റഷീദ് സുനിലുമായി നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. സുനിലിനു സ്വന്തമായി ഫോണ്‍ ഉണ്ടായിട്ടും ആ നമ്പറില്‍ വിളിക്കാതെ മറ്റൊരാളുടെ പേരിലുള്ള ഫോണിലാണ് റഷീദുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത്. ഒളിവില്‍ കഴിയുന്ന റഷീദിനു സുനില്‍ സാമ്പത്തികസഹായം ലഭ്യമാക്കിയതായി പോലീസിനു തെളിവു ലഭിച്ചിട്ടുണ്ട്.

ഒരേ പാര്‍ട്ടി പ്രവര്‍ത്തകരായ ഇരുവരും പാര്‍ട്ടിപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് ഒരുമിച്ചതെങ്കിലും പിന്നീടു നല്ല സുഹൃത്തുക്കളായി. സുനില്‍ പ്രസിഡന്റായ ആലുവയിലെ ബാങ്കില്‍ റഷീദ് നിത്യസന്ദര്‍ശകനായിരുന്നുവെന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന റഷീദിനെ സഹായിക്കുന്നവരെ കണ്ടെത്തുന്നതിനും അയാളുടെ കാര്‍ കണ്ടെത്തുന്നതിനുമായി സുനിലിനെ കസ്റ്റഡിയില്‍ വാങ്ങുമെന്നു പൊലീസ് അറിയിച്ചു.

Related posts