തിരുവനന്തപുരം: വിവാദങ്ങളെത്തുടര്ന്ന് ഏറെ നാളായി പൊതുപരിപാടികളില് നിന്ന് വിട്ടുനിന്ന പാലക്കാട് എംഎല്എ രാഹുല് മാങ്കുട്ടത്തില് ഇന്ന് നിയമസഭയിലെത്തി. രാവിലെ 9.20 ഓടെയാണ് അദ്ദേഹം സഭയിലെത്തിയത്. ഒരു സുഹൃത്തിന്റെ ഇന്നോവ കാറില് നാല് പേര്ക്കൊപ്പമാണ് രാഹുല് സഭയിലെത്തിയത്. രാഹുല് എത്തുമൊ എന്ന സസ്പെന്സ് നിലനില്ക്കെയാണ് ഔദ്യോഗിക വാഹനം ഒഴിവാക്കി രാഹുല് നിയമസഭയിലെത്തിയത്.
വിവാദങ്ങളെ തുടര്ന്ന് കോണ്ഗ്രസ് പാര്ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് സഭ സമ്മേളനത്തില് പങ്കെടുക്കരുതെന്ന് നിര്ദേശം നല്കിയിരുന്നു. ഭരണപക്ഷത്തിനെതിരേ ഉയര്ത്തുന്ന പോരാട്ടങ്ങളുടെ മുനയൊടിക്കാന് രാഹുലിന്റെ സാന്നിധ്യം ഭരണപക്ഷം ആയുധമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. എന്നാല് പാര്ട്ടിയിലെ ഒരു വിഭാഗം നേതാക്കള് രാഹുല് സഭയിലെത്തുന്നത് വിലക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
സഭയിലെത്തിയ രാഹുല് പ്രത്യേക ബ്ലോക്കിലാണ് ഇരുന്നത്. കഴിഞ്ഞ 20 ദിവസത്തിലധികമായി രാഹുല് പൊതുപരിപാടികള് ഒഴിവാക്കി വീട്ടിലാണ് ചെലവഴിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ എതിര്പ്പ് തള്ളിയാണ് രാഹുല് സഭയിലെത്തിച്ചേര്ന്നത്. ഇത് പാര്ട്ടിക്കുള്ളില് ശക്തമായ അഭിപ്രായ വ്യത്യാസങ്ങള് ഉയരാനുള്ള സാധ്യതകളാണ് വിരല്ചൂണ്ടുന്നത്. ഇന്ന് പുലര്ച്ചെയാണ് രാഹുല് അടൂരിലെ വീട്ടില് നിന്നും യാത്ര തിരിച്ചത്. യൂത്ത് കോണ്ഗ്രസ് ജില്ല അധ്യക്ഷനോടൊപ്പമാണ് രാഹുല് സഭയിലെത്തിയത്.