ബംഗളൂരു ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു ; സര്‍വീസ് നടത്തിയത് ഡീലക്‌സ് ബസുകള്‍

ksrtcകൊച്ചി: കാവേരി നദീജല പ്രശ്‌നത്തില്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു റദ്ദാക്കിയ ബംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്നലെ മുതല്‍ പുനരാരംഭിച്ചു. മള്‍ട്ടി ആക്‌സില്‍ ഒഴികെയുള്ള സര്‍വീസുകളാണ് പുനസ്ഥാപിച്ചത്. ഇപ്പോള്‍ ബംഗളൂവിലെ സ്ഥിതിഗതികള്‍ ശാന്തമായതാണ് ഭാഗികമായി സര്‍വീസ് പുനരാരംഭിക്കാന്‍ കാരണം. വൈകാതെ സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാകുമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.

എറണാകുളത്തു നിന്നും പറപ്പെടണ്ടിയിരുന്ന മൂന്നു ബസുകളില്‍ രണ്ടെണ്ണം സര്‍വീസ് നടത്തി. വൈകുന്നേരം 3.20 ന് ആദ്യ സര്‍വീസ് സേലം വഴി പുറപ്പെട്ടു. രാത്രി എട്ടിന് രണ്ടാമത്തെ സര്‍വീസ് മൈസൂര്‍ വഴിയും പുറപ്പെട്ടു. സേലം വഴി പോകുന്ന മള്‍ട്ടി ആക്‌സില്‍ ബസ് ഇന്നലെ സര്‍വീസ് നടത്തിയില്ല. പിറവം ഡിപ്പോയില്‍ നിന്നും മൈസൂര്‍ വഴി ബംഗളൂരുവിന് പുറപ്പെടുന്ന ബസും ഇന്നലെ എറണാകുളം വഴി കടന്നു പോയി.

കാവേരി പ്രശ്‌നം രൂക്ഷമായിരുന്നതിനാല്‍ ഞായറാഴ്ച മുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തിയിരുന്നില്ല. എപ്പോള്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് വ്യക്തതയില്ലാത്തതിനാല്‍ മുന്‍കൂട്ടി  സീറ്റ് ബുക്ക് ചെയ്തിരുന്നവര്‍ ടിക്കറ്റുകള്‍ റദ്ദാക്കിയിരുന്നു. ഇന്നലെ സര്‍വീസ്  നടത്തിയ ബസുകളിലെല്ലാം നല്ല തിരക്കായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

Related posts