സിജോ പി ജോണ്‍
തൊടുപുഴ: തന്റെ ബന്ധുവോ അയല്‍വാസിയോ പരിചയക്കാരനോ പോലുമല്ലാത്ത ബാലന് ആറു സെന്റ് സ്ഥലം ഇഷ്ടദാനം നല്കി ഓട്ടോ ഡ്രൈവറുടെ കാരുണ്യസ്പര്‍ശം. കാന്‍സര്‍ ബാധിതനായ കുട്ടിക്കാണ് ഇളംദേശം കുന്നത്ത് ബേബി ജോര്‍ജ് ആറു സെന്റ് സ്ഥലം സമ്മാനിക്കുന്നത്.
തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയുടെ മുന്നില്‍ ഓട്ടോ ഓടിക്കുകയാണ് ബേബി. ആറുമാസം മുമ്പ് അവിചാരിതമായി തന്റെ ഓട്ടോയില്‍ കയറിയ ഇടവെട്ടി ചക്കുളത്തില്‍ ജോബിയുടെയും മകന്റെയും ജീവിതകഥ ബേബിയുടെ കണ്ണുകള്‍ നനയ്ക്കുന്നതായിരുന്നു. അഞ്ചര വയസുകാരനായ മകന് അഗിന്റെ കാന്‍സര്‍ ചികിത്സയ്ക്കായി നെട്ടോട്ടമോടുന്ന കുടുംബത്തെ ആവുംവിധം സഹായിക്കണമെന്ന് അന്നേ ബേബി മനസില്‍ കരുതി.
ഡ്രൈവറായ ജോബിയുടെ മൂത്തപുത്രനാണ് അഗിന്. മൂന്നു വയസുള്ളപ്പോള്‍ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധയനാകേണ്ടിവന്ന അഗിനു കാന്സര്കൂടി ബാധിച്ചതോടെ നിര്‍ധന കുടുബം ഞെട്ടിത്തരിച്ചു. അസ്ഥിക്കു കാന്‍സര്‍ ബാധിച്ച അഗിന് ഇപ്പോള്‍ തിരുവനന്തപുരം ശ്രീചിത്തിരയിലെ ചികിത്സയിലാണ്.
മാസം 10,000 രൂപയിലധികം ചെലവാകും. വാടക വീട്ടില്‍ താമസിക്കുന്ന ജോബിനും ഭാര്യക്കും രണ്ടു മക്കള്‍ക്കും ഒപ്പം രോഗബാധിതനായ പിതാവും മാതാവുമുണ്ട്. വീട്ടുചെലവും മകന്റെ ചികിത്സയുംകൂടി വന്നതോടെ നട്ടംതിരിഞ്ഞ ജോബിനു ആറു സെന്റ് സ്ഥലം സൗജന്യമായി നല്കാന് ബേബിച്ചേട്ടനും കുടുംബവും തീരുമാനിക്കുകയായിരുന്നു. ഭാര്യ റോസിലിയും മക്കളായ ബിസ്മോളും അലീനയും (സന്യാസാര്‍ഥിനി, ഭോപ്പാല്‍) ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു ഇത്.
ബൈബിള്‍ സന്ദേശമാണ് തന്റെ ജീവിതത്തിന്റെ വെളിച്ചമെന്നു ബേബി പറയുന്നു. കുട്ടിയുടെ ചികിത്സയ്ക്കായി പലരില്‍നിന്നും ആവുന്ന സഹായം ബേബി വാങ്ങിക്കൊടുത്തു. ഓട്ടോയില്‍ യാത്ര ചെയ്യുന്നവരില്‍ സുമനസുകള്‍ ഉണെ്ടങ്കില്‍ അവര്‍ക്കാവുന്ന സഹായം നല്കാന് ഓട്ടോയില്‍ കാരുണ്യപ്പെട്ടിയും ബേബി സ്ഥാപിച്ചു കഴിഞ്ഞു.
ഓട്ടോറിക്ഷ ഉപജീവനമാര്‍ഗമാക്കിയ ബേബി ഇല്ലായ്മകള്ക്കിടയിലാണ് സ്നേഹസാന്ത്വനമാകുന്നത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഉപവാസത്തിലൂടെ ലഭിക്കുന്ന ത്യാഗത്തിന്റെ വില മറ്റുള്ളവര്‍ക്കായി മാറ്റിവയ്ക്കാനും ഇദ്ദേഹം ശ്രദ്ധിക്കാറുണ്ട്. സ്ഥലം കൈമാറ്റം ചെയ്യുമ്പോള്‍ ചെലവാകുന്ന തുക കണെ്ടത്താന്‍ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബേബിച്ചേട്ടനും ജോബിയും. ഇഷ്ടദാനമായി ലഭിക്കുന്ന സ്ഥലത്ത് ഒരു കൊച്ചു കൂര വയ്ക്കണമെന്നതാണ് ഇപ്പോള്‍ ജോബിന്റെ സ്വപ്നം.