ബസിടിച്ചു വീട്ടമ്മയ്ക്കു പരിക്കേറ്റ സംഭവം: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

ktm-praythishedamഅയര്‍ക്കുന്നം: കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് വഴിയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയശേഷം കാല്‍പ്പത്തിയിലുടെ കയറിയിറങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.കിടങ്ങൂര്‍- മണര്‍കാട് റോഡിലെ അപകടമുണ്ടായ സ്ഥലമായ പാറേവളവ് ജംഗ്ഷനിലാണു നാട്ടുകാര്‍ റോഡു ഉപരോധിച്ചത്. കൊങ്ങാണ്ടൂര്‍ പൂവേലിക്കയറ്റം മുതല്‍ കല്ലിട്ടുനടവരെയുള്ള ഭാഗത്ത് റോഡിനു ആവശ്യമായ വീതി ഉണ്ടായിരുന്നതാണെങ്കിലും ഈ ഭാഗങ്ങളിലെ പുറമ്പോക്ക് ചില സ്വകാര്യ വ്യക്തികള്‍ കൈയേറിയിരിക്കുകയാണ്.

കൈയേറിയിരിക്കുന്ന പുറംമ്പോക്കു ഭൂമിയില്‍ കെട്ടിടങ്ങളും മതിലുകളും കൃഷിപണികളും നടത്തിയിരിക്കുന്നതിനാല്‍ ഗതാഗതത്തിനു വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. പാറേവളവ് ജംഗ്ഷനില്‍ നിലവിലുണ്ടായിരുന്ന പഴയ കെട്ടിടങ്ങള്‍ റോഡിലേക്കു കയറ്റി പുതുക്കി പണിതപ്പോള്‍ പഞ്ചായത്ത് ഇടപ്പെട്ടു സ്റ്റോപ്പ് മെമ്മോ നല്കിയെങ്കിലും പീന്നിടു കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. ഇതുമൂലം കാല്‍നടയാത്രക്കാര്‍ക്കു വന്‍ ബുദ്ധിമുട്ടാണു അനുഭവപ്പെടുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ അധികൃതര്‍ക്കു നിരവധി പരാതികള്‍ നല്കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

ഇത്തരത്തില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിനു മുന്നിലാണ് ഇന്നലെ അപകടമുണ്ടായത്. മുമ്പും ഇതേ സ്ഥലത്ത് നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണു നാട്ടുകാര്‍ ഉപരോധ സമരം നടത്തിയത്.

ഉപരോധസമരത്തെ തുടര്‍ന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശ പ്രകാരം ജില്ലാ കളക്ടര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ആര്‍ഡിഒയും തഹസീര്‍ദാരും സ്ഥലത്തെത്തി ചര്‍ച്ച നടത്തി. ഒരാഴ്ചക്കുള്ളില്‍ വില്ലേജ് ഓഫീസറോടു സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തുടര്‍ന്നു പൂവേലികയറ്റം മുതല്‍ കല്ലിട്ടുനടവരെയുള്ള ഭാഗത്തെ സ്ഥലമുടമകള്‍ക്കു നോട്ടീസ് നല്‍കി പുറംമ്പോക്കിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാമെന്ന ഉറപ്പും നല്കിയതോടെയാണു നാട്ടുകാര്‍ ഉപരോധ സമരം അവസാനിപ്പിച്ചത്.

ഉപരോധന സമരത്തില്‍ അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് മോനിമോള്‍ ജെയിമോന്‍, ജില്ലാ പഞ്ചായത്തംഗം ലിസമ്മ ബേബി, പഞ്ചായത്തംഗങ്ങളായ ജോസഫ് ചാമക്കാല, മോളി തോമസ്, ലാല്‍സി പി. മാത്യു, ബിജു നാരായണന്‍, അനീഷ്, ആലീസ് സിബി എന്നിവര്‍ പ്രസംഗിച്ചു.ജിജി നാകമറ്റം, ബിനോയി ഇടയാലില്‍, സെല്‍വിന്‍ തോമസ്, ബിജു തോമസ്, അനന്ദു പാറയില്‍, രമേശന്‍ ചക്കുംമൂട്ടില്‍, പ്രിന്‍സ് പോളയ്ക്കല്‍, കൊച്ച് പേഴുംകാട്ടില്‍ എന്നിവര്‍ ഉപരോധന സമരത്തിനു നേതൃത്വം നല്കി.

Related posts