മലമ്പുഴ: ബസ്സ്റ്റാന്‍ഡായപ്പോള്‍ ബസുകള്‍ കയറുന്നില്ല. പിണക്കമാണോ, ഉപേക്ഷിച്ചതാണോ എന്നും അറിയില്ല. പക്ഷേ ഒന്നുണ്ട്, ആളും നാഥനുമില്ലാത്ത വീട്ടില്‍ കയറേണ്ടവര്‍ കയറിപ്പറ്റികഴിഞ്ഞു.അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ മലമ്പുഴയില്‍ ബസ്സ്റ്റാന്‍ഡിന്റെ കഥയാണിത്. ബസ്സുകള്‍ ഇപ്പോഴും നിര്‍ത്തുന്നത് ഉദ്യാനത്തിനു മുന്നില്‍ത്തന്നെ.സംസ്ഥാനത്തെതന്നെ ജലസേചന വകുപ്പിന്റെ കീഴിലുള്ള ആദ്യത്തെ ബസ്സ്റ്റാന്‍ഡ്് മലമ്പുഴയില്‍ കഴിഞ്ഞ മാസം നാലിനാണ് പ്രതിപക്ഷനേതാവും നിലവില്‍ മലമ്പുഴ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഉദ്ഘാടനച്ചടങ്ങിനുപോലും ബസ്‌സ്റ്റാന്‍ഡില്‍ ബസ്സുകള്‍ കയറിയിരുന്നില്ല.
ഇപ്പോള്‍ ബസ് സ്റ്റാന്‍ഡ് തീര്‍ത്തും രാപകലന്യേ മദ്യപരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ്. മലമ്പുഴ ഉദ്യാനത്തില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ കവ റോഡില്‍ റോക്ക് ഗാര്‍ഡനു സമീപത്താണ്. ഏകദേശം രണ്ടു കോടി രൂപ ചിലവിട്ട് ബസ് സ്റ്റാന്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഇരു ഭാഗത്തും ചെമ്മണ്ണ് നികത്തിയ ബസ് സ്റ്റാന്‍ഡ്് ടാറിംഗ് നടത്തുകപോലും ചെയ്യാതെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നാണ് പൊതുജനാരോപണം വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ലാത്ത ബസ്സ്റ്റാന്‍ഡില്‍ സന്ധ്യ മയങ്ങിയാല്‍ പുലരുവോളം എന്തും നടക്കുന്ന സ്ഥിതിയാണ്. പകല്‍ സമയത്തുപോലും വിജനമായ പ്രദേശമായതിനാല്‍ ഇതുവഴി വാഹന ഗതാഗതവും കുറവാണ്.
പേരിനു ഒന്നുരണ്ടു ബസ്സുകള്‍ മാത്രമാണ് രാവിലെയും വൈകുന്നേരവും ഇതുവഴി സര്‍വ്വീസ് നടത്തുന്നത്. ഒരേ സമയം ഏഴ് ബസ്സുകള്‍ നിര്‍ത്താനും കടമുറികള്‍, ജീവനക്കാര്‍ക്ക് താമസിക്കാനുള്ള ഡോര്‍മിറ്ററികള്‍ എന്നിവയൊക്കെ ഒരുക്കിയിട്ടുണെ്ടന്നു പറഞ്ഞെങ്കിലും എല്ലാം കടലാസില്‍ മാത്രമായിരിക്കുകയാണ്. മെയിന്‍ റോഡിനു സമാന്തരമല്ലാതെ ബസ് സ്റ്റാന്റിന്റെ മുന്‍വശം എതിര്‍ദിശയിലാണെന്നതും ഈ ബസ് സ്റ്റാന്‍ഡിനെ ഒറ്റപ്പെടുത്തുന്നു.
പാലക്കാട്ടുനിന്നും പുറപ്പെടുന്ന മലമ്പുഴ ബസ്സുകള്‍ ഒലവക്കോട്, അകത്തേത്തറ എന്നീ റെയില്‍വേ ഗേറ്റുകള്‍ താണ്ടിയാണ് മലമ്പുഴയിലെത്തുന്നത്.എന്നാല്‍ ഇത്തരത്തില്‍ ഗേറ്റില്‍ കുടുങ്ങിയതുമൂലം സമയം നഷ്ടപ്പെടുന്ന ബസ്സുകള്‍ മിക്കവയും മലമ്പുഴ ഉദ്യാനമെത്തുന്നതിനുമുമ്പ് തന്നെ യാത്ര അവസാനിപ്പിച്ച് തിരിച്ചു പാലക്കാട്ടേക്കു വരുന്നവയാണ്.
മാത്രമല്ല ഉദ്യാനത്തിനു മുന്നില്‍നിന്നും ബസ് സ്റ്റാന്‍ഡിലേക്ക് പോയി തിരിച്ചുവരാനുള്ള സമയം ലഭിക്കാത്തതും ആളുകള്‍ അധികവും ഉദ്യാനത്തിനു സമീപത്തു തമ്പടിക്കുന്നതുകൊണ്ടുമാണ് ഇവര്‍ ബസ് സ്റ്റാന്റിനെ അവഗണിക്കുന്നത്. എന്നാല്‍ പഴയ ബസ് സ്റ്റാന്‍ഡ് പൊളിച്ചിടത്തു തന്നെ ചെറുതായൊരു ബസ് സ്റ്റാന്റ് പണിയാതെ തികച്ചും വിജനമായ പ്രദേശത്ത് കോടികള്‍ ചിലവിട്ട് ബസ് സ്റ്റാന്‍ഡ്് നിര്‍മ്മിച്ചത്് അഴിമതി നടത്താനായിട്ടാണെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. നിലവില്‍ ബസ്സുകള്‍ നിര്‍ത്തിയിടുന്ന ഉദ്യാനത്തിനു മുന്നില്‍ യാത്രക്കാര്‍ക്ക് വെയിലും മഴയും കൊള്ളാതിരിക്കാനുള്ള സൗകര്യങ്ങളൊന്നുമില്ല. കുട്ടികളടക്കമുള്ള യാത്രക്കാര്‍ക്ക് ഇത് ഏറെ ദുരിതമാകുന്നുണ്ട്.
മധ്യവേനലവധിയായതോടെ ദിനംപ്രതി ആയിരക്കണക്കിനു സന്ദര്‍ശകരാണ് അയല്‍ജില്ലകളില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നും മലമ്പുഴയിത്തുന്നത്. 2011ല്‍ ഉദ്യാന നവീകരണത്തിന്റെ ഭാഗമായിട്ടാണ് പഴയ ബസ് സ്റ്റാന്‍ഡ് പൊളിച്ചു പുതിയ ബസ് സ്റ്റാന്‍ഡ്് നിര്‍മ്മാണമാരംഭിച്ചത്. എന്നാല്‍ മണ്ണെടുപ്പും മറ്റു പാരിസ്ഥിതിക പ്രശ്‌നങ്ങളുമുന്നയിച്ച് ഇടക്ക് ബസ്സ്റ്റാന്‍ഡ്് നിര്‍മ്മാണം മുരടിക്കുകയായിരുന്നു.
എന്നാല്‍ കാത്തിരിപ്പിനൊടുവില്‍ ബസ് സ്റ്റാന്‍ഡ്് യാഥാര്‍ത്ഥ്യമായിട്ടും ബസ്സുകള്‍ സ്റ്റാന്‍ഡിനോട് അയിത്തം കല്‍പിക്കുന്നത് പ്രദേശവാസികളില്‍ ഏറെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ബസ്സുകള്‍ കയറാത്തതുമൂലം ബസ് സ്റ്റാന്റ് കോംപ്ലക്‌സിലെ കടമുറികളും ഉപയോഗശൂന്യമാവു മെന്നതില്‍ സംശയമില്ല. കോടികള്‍ ചിലവിട്ട് ബസ് സ്റ്റാന്‍ഡ് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറാനാണ് നിയോഗമെന്നുവേണം കരുതാന്‍.