പത്തനംതിട്ട: നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി ഒരു സ്ത്രീ മരിച്ചു. പത്തനംതിട്ട തീക്കൊഴൂര് വടശേരിയില്‍ ശിവന്റെ ഭാര്യ ഓമന (55) ആണ് മരിച്ചത്. പത്തനംതിട്ട വെട്ടിപ്പുറത്ത് ഇന്നു പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. മുണ്ടക്കയത്തുനിന്നു തിരുവനന്തപുരത്തേക്കുപോയ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരിച്ച ഓമന ബന്ധുക്കള്‍ക്കൊപ്പം തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില് ദര്‍ശനത്തിനായി യാത്രതിരിച്ചതാണ്.
ബസിലുണ്ടായിരുന്ന പതിനഞ്ചോളം യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക വിവരം. പത്തനംതിട്ട പോലീസും ഫയര്‍ഫോഴ്സുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.