ബാറില്‍ വീണ് ബാബു! ബാര്‍ഹോട്ടല്‍ ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന് ബാര്‍ഹോട്ടല്‍ ഉടമകളുടെ പരാതി; മുന്‍മന്ത്രി ബാബുവിനെതിരെ വീണ്ടും അന്വേഷണം

ekm -KBABUതിരുവനന്തപുരം:   മുന്‍മന്ത്രി കെ.ബാബുവിനെതിരെ മറ്റൊരു  അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ബാര്‍ഹോട്ടല്‍ ലൈസന്‍സ് അനുവദിച്ചതില്‍ ബാബു ക്രമക്കേട് നടത്തിയെന്ന് കാട്ടി ഒരു വിഭാഗം ബാര്‍ഹോട്ടല്‍ ഉടമകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ത്വരിത അന്വേഷണത്തിന് ഉത്തരവിട്ടത്.

കെ.ബാബുവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന നടപടികളെക്കുറിച്ച് അന്വേഷിക്കണമെന്നും ബാര്‍ഹോട്ടല്‍ ഉടമകളുടെ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി നടന്ന നടപടികളെക്കുറിച്ചാകും അന്വേഷണം. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റിനോടാണ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്.

പാറ്റൂര്‍ കേസ്, ബാര്‍കോഴ കേസ് എന്നീ കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നല്‍കിയരുന്ന ജേക്കബ് തോമസിനെ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ തല്‍സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. പാറ്റൂര്‍കേസിലും ബാര്‍കോഴ കേസിലും ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് മുന്‍ സര്‍ക്കാരും ജേക്കബ് തോമസും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ചീഫ് സെക്രട്ടറി വിശദീകരണം തേടുകയും ചെയ്തിരുന്നു.

Related posts