ബിജെപിയിലെ ഉള്‍പ്പോര് മറനീങ്ങുന്നു! കൃഷ്ണകുമാറിനെതിരേ അമിത്ഷായ്ക്കു പരാതി; തന്നെ തോല്‍പ്പിച്ചതു പാര്‍ട്ടി: ശോഭ സുരേന്ദ്രന്‍

sobhaപാലക്കാട്: സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തുടര്‍ന്നു വരുന്ന ബിജെപിയിലെ ഉള്‍പ്പോര് പരസ്യമായ പൊട്ടിത്തെറിയിലേക്കു നീങ്ങുന്നു. പാലക്കാട് മണ്ഡലത്തില്‍ മത്സരിച്ച തന്നെ ബോധപൂര്‍വം തോല്‍പ്പിക്കുകയായിരുന്നുവെന്നാരോപിച്ചു ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും മുന്‍ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായിരുന്ന ശോഭാ സുരേന്ദ്രന്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കു പരാതി നല്‍കി.

മലമ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ സി. കൃഷ്ണകുമാറിനെതിരേയാണു ശോഭ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ തോല്‍വിക്കു പിന്നില്‍ ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ക്കു പങ്കുള്ളതായി കത്തില്‍ ആരോപിക്കുന്നു. തന്നെ തോല്‍പ്പിക്കുന്നതിനായി വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനുമായി സി. കൃഷ്ണകുമാര്‍ ഒത്തുകളിച്ചു. വിജയപ്രതീക്ഷ ഏറെ ഉണ്ടായിരുന്ന മണ്ഡലമായിരുന്നു പാലക്കാട്.

സംസ്ഥാനത്താദ്യമായി ബിജെപി ഭരിച്ച പാലക്കാട് നഗരസഭയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ മലമ്പുഴയിലെ പ്രചാരണത്തിനായി കൃഷ്ണകുമാര്‍ കൊണ്ടുപോയി. ഇതു പാലക്കാട്ടെ തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. പാര്‍ട്ടി വോട്ടുകളും പൂര്‍ണമായി തനിക്കു ലഭിച്ചിട്ടില്ല. അത്തരത്തില്‍ തനിക്കെതിരേ ഗൂഢനീക്കം നടത്തുകയും പാര്‍ട്ടിയുടെ വിജയത്തിനെതിരായി പ്രവര്‍ത്തിച്ച കൃഷ്ണ കുമാറിനെതിരേ നടപടിയെടുക്കണമെന്നുമാണ് അമിത് ഷായ്ക്ക് അയച്ച കത്തില്‍ ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകളില്‍ ജില്ലയില്‍നിന്ന് ഏറെപ്പേരും നിര്‍ദേശിച്ച സി. കൃഷ്ണകുമാറിനെ ഒഴിവാക്കി ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയതുമുതല്‍ പാലക്കാട്ടെ ബിജെപിയില്‍ കലഹങ്ങള്‍ ആരംഭിച്ചിരുന്നു. പ്രാദേശിക വികാരം മാനിക്കാതെ ആര്‍എസ്എസിന്റെയും ബിജെപി കേന്ദ്രനേതൃത്വത്തിന്റെയും തീരുമാനപ്രകാരമാണു ശോഭാ സുരേന്ദ്രന്‍ ഇവിടെ സ്ഥാനാര്‍ഥിയായത്. ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങ് സ്ഥാനാര്‍ഥിയായ ശോഭ സുരേന്ദ്രന്‍ എത്തും മുമ്പേ നേതാക്കള്‍ നടത്തിയതും സുരേഷ് ഗോപി പങ്കെടുത്ത തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ സി. കൃഷ്ണകുമാര്‍ പങ്കെടുക്കാതിരുന്നതും ചര്‍ച്ചയായിരുന്നു.

തുടര്‍ന്നാണു മലമ്പുഴയില്‍ സി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥി യായി തീരുമാനിച്ചത്. വി.എസ്. അച്യുതാന്ദന്‍ മത്സരിച്ച മലമ്പുഴ മണ്ഡലത്തില്‍ ശക്തമായ പോരാട്ടം നടത്തി രണ്ടാം സ്ഥാനത്തെത്താന്‍ കൃഷ്ണകുമാറിനു കഴിഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നേമത്തിനൊപ്പംതന്നെ വിജയപ്രതീക്ഷ ബിജെപി വച്ചുപുലര്‍ത്തിയ മണ്ഡലമായിരുന്നു പാലക്കാട്. കേരളത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം പങ്കെടുത്ത പൊതുയോഗവും പാലക്കാട്ടായിരുന്നു. നിരവധി കേന്ദ്രമന്ത്രിമാരെ രംഗത്തിറക്കി പ്രചാരണ പ്രവര്‍ത്തനം ബിജെപി ഇവിടെ നടത്തിയെങ്കിലും 17,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷ ത്തില്‍ കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ വിജയിക്കു കയായിരുന്നു.

Related posts